ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനമാണ്. ഭക്ഷ്യ സുരക്ഷയ്ക്കായി കാര്‍ഷിക രംഗത്ത് നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന് ഭക്ഷ്യ സുരക്ഷയും അത്യാവശ്യമാണ് എന്നതുതന്നെ..!
അഭ്യസ്ത വിദ്യര്‍ പലരും കൃഷിയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ സ്വകാര്യ മേഖലയും. ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള മികച്ച പോഷണം ലഭിക്കാന്‍ ഓരോരുത്തരും ആഹാരം വൈവിദ്ധ്യവത്കരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്യ്രമനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന് 1996 ല്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്.