അണ്ണാ ഹസാരെ, പരാജയപ്പെട്ടതാര്?

-രവിചന്ദ്രന്‍

PTI
അണ്ണാ ഹസാരെയുടെ ലക്‍ഷ്യത്തെ പലതവണ പ്രശംസിച്ച പ്രധാനമന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ഹസാരെയുടേത് എന്ന് എല്ലാ കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഉയരുന്നുമുണ്ട്. ഇത് സത്യമായിരിക്കാം. പക്ഷേ ഭരണത്തിനും തിരുത്തലിനും ജനവിധി തേടിയവര്‍ കോര്‍പ്പറേറ്റുകളുടെയും മറ്റ് കുത്തകകളുടെയും ചട്ടുകമായി മാറുന്ന അവസ്ഥയില്‍ പൊതുജനം എന്തു ചെയ്യണം എന്നതിനുകൂടി മറുപടി പറയാനുള്ള ബാധ്യത ഇവര്‍ക്കുണ്ട്.

ഇത്രയധികം ജനങ്ങളെ കൂട്ടാന്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയും എന്നൊരു അവകാശവാദവും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, ഇത്രയും ദിവസം ഇത്രയും പേരെ ‘ഒന്നും മുടക്കാതെ’ ആര്‍ക്കെങ്കിലും ഒന്നിച്ചു കൂട്ടാന്‍ സാധിക്കുമോ എന്നൊരു ചോദ്യം ഇവര്‍ക്ക് വെല്ലുവിളിയാവും.

എല്ലാ പ്രസ്ഥാനങ്ങളെയും പോലെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനും പൂര്‍ണതയുണ്ടാവില്ല. മാധ്യമത്തിളക്കവും കൌതുകവും തേടിയിറങ്ങിയവരും സമരസ്ഥലത്ത് എത്തിയിരിക്കാം. ‘അണ്ണാ ബ്രാന്‍ഡ്’ മുതലെടുക്കാന്‍ വ്യാപാരികളും മാധ്യമങ്ങളും ശ്രമിച്ചിരിക്കാം. ഒരു മുന്നേറ്റത്തില്‍ പല തരക്കാര്‍ വന്നുചേരാം. എന്നാല്‍, അത് നേതൃസ്ഥാനത്തുള്ള ആളിന്റെ കുറ്റമായി കാണാന്‍ കഴിയില്ല.

തിരുത്തല്‍ ശക്തികളെ അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല. ലോകമെമ്പാടും ജനമുന്നേറ്റം നടക്കുന്ന അവസരത്തില്‍ ഇന്ത്യയില്‍ നടന്നത് നമ്മുടെ മഹത്തായ പാരമ്പര്യം കാത്തുകൊണ്ടുള്ള ഒരു സമര പ്രക്രിയയാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. അക്രമരഹിതമായ ഒരു ഉത്തമ സത്യാഗ്രഹം! നിയമങ്ങള്‍ എല്ലാവര്‍ക്കും സമാധാനപരമായ ജീവിതം നയിക്കുവാന്‍ വേണ്ടിയുള്ളതാണ്. ആ അര്‍ത്ഥത്തില്‍ അണ്ണാ ഹസാരെ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും നിയമം ആക്കുവാനും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ കടമ്പകള്‍ കടക്കാന്‍ തീര്‍ച്ചയായും സാധിക്കും.

WEBDUNIA|
സംഭവങ്ങള്‍ കൃത്യമായി വിലയിരുത്തിയാല്‍ സമൂഹത്തിനു വേണ്ട കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കുന്നതില്‍ അണ്ണാ ഹസാരെ വിജയിച്ചു എന്ന് വേണം പറയാന്‍. അടുത്തതായി തെരഞ്ഞെടുപ്പ് പരിഷ്കാരം എന്ന ആവശ്യവുമായി അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ തെരുവില്‍ ഇറങ്ങാനിരിക്കുകയാണ്. ഇതെക്കുറിച്ചെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും മുന്‍‌കൂട്ടി ഒരു നിലപാട് സ്വീകരിക്കുമെന്ന് കരുതാം - സ്വന്തം കടമ മറ്റുള്ളവര്‍ നിര്‍ബന്ധിക്കാതെ ചെയ്യുമെന്നും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :