കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെയും അമ്മയെയും ജാമ്യത്തിലിറങ്ങിയ പ്രതി ട്രാക്ടർ കയറ്റി കൊന്നു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 20 ജൂലൈ 2020 (11:39 IST)
ലഖ്‌നൗ :കൂട്ടബലാത്സംഗ ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊലപ്പെടുത്തി ബലാത്സംഗക്കേസിലെ പ്രതി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് യാഷ് വീർ എന്ന പ്രതി ഇരയെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ കുടുംബവുമായി പ്രതി യാഷ് വീറിന് വർഷങ്ങളായി ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിന് കരണം എന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുൻപ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് യാഷ് വീറിന്റെ അച്ഛന്‍ മഹാവീര്‍ രാജ്പുതിനെ സാമ്പത്തികമായ ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ജയിലിലായി. ഈ സമയത്താണ് യാഷ് വീര്‍ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച്‌ പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടർന്ന് യാഷ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത ദിവസം ജാമ്യം ലഭിച്ചതോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യാഷ് വീര്‍ ട്രാക്ടറുമായി നേരെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :