പീരുമേട് കസ്റ്റഡി മരണം; രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചത് 20 ലക്ഷം കൈക്കൂലി നൽകാത്തതിനാൽ

Last Modified ശനി, 29 ജൂണ്‍ 2019 (11:16 IST)
പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍. പൊലീസുകാര്‍ക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാത്തതിനാലാണ് മര്‍ദിച്ചതെന്ന് നെടുങ്കണ്ടം സ്വദേശി രാഹുലിന്റേതാണ് വെളിപ്പെടുത്തല്‍. ഇടിമുറിയിലെ ക്രൂരപീഡനത്തെ തുടർന്ന് ആന്തരികമുറിവുകളുണ്ടാവുകയും ഇതേതുടർന്നുണ്ടായ ന്യുമോണിയയാണ് മരണാകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.

നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. ഈ ദിവസമത്രേയും പൊലീസുകാരുടെ ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു രാജ്കുമാർ. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടു കാലുകളിലും സാരമായി മുറിവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നപ്പോഴുണ്ടായ മുറിവാകാം ഇതെന്നാണ് റിപ്പോർട്ട്.

പീരുമേട് സബ്ജയിലിലെ റിമാൻഡ് പ്രതിയായിരിക്കെയാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് ഉടമ വാഗമൺ സ്വദേശി രാജ് കുമാർ (49) മരിച്ചത്.

രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് പന്ത്രണ്ടാം തീയതിയാണെന്ന ദൃക്സാക്ഷി മൊഴിയും പുറത്തുവന്നു. 15 തീയതിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദിച്ചിരുന്നത്. നാട്ടുകാർ ചേർന്ന് പ്രതിയെ കുട്ടിക്കാനത്ത് വെച്ച് പിടികൂടി 12ന് വൈകിട്ട് മൂന്നിന് നെടുംകണ്ടം പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷി മൊഴി. പ്രതിയെ പൂർണ ആരോഗ്യവാനായാണ് നാട്ടുകാർ പൊലീസിന് കൈമാറിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.

അതേസമയം ജൂണ്‍ പതിനഞ്ചാം തിയതി തൂക്കുപാലത്തുവെച്ച് രാജ്കുമാറിനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ എഫ് ഐ ആര്‍ പറയുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം. കുമാറിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു വൈകിപ്പിച്ചത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :