Last Modified ബുധന്‍, 15 മെയ് 2019 (13:07 IST)
ജപ്‌തി നടപടി ഭയന്ന് അമ്മയും മകളും
ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു തീ കൊളുത്തി മരിച്ചത്. സംഭവത്തിൽ വൈഷ്ണവിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിനെയും ഭര്‍തൃകുടുംബത്തെയും പഴിച്ച് മരിച്ച ലേഖയും മകൾ വൈഷ്ണവിയും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്റെ ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
മരണത്തിന് കാരണം കുടുംബപ്രശ്നങ്ങളാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജപ്തിയുടെ ഘട്ടമെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തന്നേയും മകളേയും ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ലേഖയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കഷ്ണമ്മയുടെ സഹോദരി, ഭര്‍ത്താവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാക്കുറിപ്പിന് പുറമെ വലിയ ബോര്‍ഡില്‍, എന്റെയും മോളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവര്‍ക്കാണെന്നും എഴുതിവെച്ചിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം സംഭവിച്ചത്. ഇവര്‍ കനറ ബാങ്കില്‍നിന്ന് പതിനഞ്ച് വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ബുധനാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു.