സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 14 ഡിസംബര്‍ 2018 (20:19 IST)
പാട്ന: വെറും ഒരു വെള്ളിനാണയത്തിനും 250 രൂപക്കും വേണ്ടി 11 കരനെ കൊലപ്പെടുത്തി ഗംഗയിലെറിഞ്ഞു. മുഹമ്മദ് അലാം എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 22കാരനായ ചന്ദൻ എന്ന യുവാവിനെ പൊലീസ് പിടികൂടി. ഡിസംബർ 9നാണ് മുഹമ്മദ് അലാമിനെ കാണാതാവുന്നത്. ഇതോടെ കുട്ടിയുടെ പിതാവ് മുഹമ്മദ് സലീം പീർബഹൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 11കാരൻ കൊല്ലപ്പെട്ടതായി വ്യക്തമായത്. കുട്ടിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിൽനിന്നും ചന്ദനൊപ്പമാണ് മുഹമ്മദ് അലാമിനെ അവസാനമായി കണ്ടത് എന്ന് പൊലീസിന് വ്യക്തമായി. ഇതോടെ ചന്ദനെ പൊലീസ് വിശദമായി ചൊദ്യം ചെയ്യുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ചന്ദന് കുറ്റം സമ്മതിക്കേണ്ടിവന്നു.
ഛാത്ത് പൂജകളുടെ ഭാഗമായി ആളുകൾ ഗംഗാ നദിയിലേക്ക് വെള്ളി നാണയങ്ങൾ എറിയാറുണ്ട്. ഇത്തരത്തിൽ ആളുകൾ എറിയുന്ന വെള്ളി നാണയങ്ങൾ നദിയിൽനിന്നും മുങ്ങി ചന്ദൻ എടുക്കാറുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുൻപ് ചന്ദന്റെ ഒരു വെള്ളി നാണയവും 250 രൂപയും കളവ് പോയിരുന്നു. ഇത് മുഹമ്മദ് അലാമാണ് എടുത്തത് എന്ന സംശയത്തിലാണ് ചന്ദൻ 11കാരനെ കൊലപ്പെടുത്തിയത്.
പണത്തിന്റെയും വെള്ളിനാണയത്തിന്റെയും കാര്യം അന്വേഷിക്കുന്നതിനായി സൂത്രത്തിൽ മുഹമ്മദ് അലാമിനെ നദിക്കരയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താൻ എടുത്തിട്ടില്ല എന്ന് കുട്ടി പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാൻ കൂട്ടാക്കാതെ ചന്ദൻ അലാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മുഹമ്മദ് അലാം മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കൈകളും കാലും കൂട്ടിക്കെട്ടി മൃതദേഹം ഗാന്ധി ഘട്ടിൽവെച്ച്
ഗംഗയിലെറിയുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നദിയിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.