വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 8 ഓഗസ്റ്റ് 2020 (17:16 IST)
മംഗളൂരു: 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. കർണാടകയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. തനുശ്രീ എന്ന പെൺകുഞ്ഞിനാണ് മാതാപിതാക്കളുടെ ക്രൂരതയെ തുടർന്ന് ജീവൻ നഷ്ടമായത്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുഞ്ഞിനെ വേണ്ടാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ഇവർ പൊലീസിന് മൊഴി നൽകിയത്. ആഗസ്റ്റ് രണ്ടിനാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സംഭവ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തതോടെ പ്രിയങ്ക കുറ്റം സമ്മതിച്ചു.