ഇടുക്കിയില്‍ ജലക്ഷാമമുള്ള പ്രദേശത്തെ കുളത്തില്‍ വിഷം കലക്കി

Idukki, Keralam, ഇടുക്കി, കേരളം
ഇടുക്കി| സുബിന്‍ ജോഷി| Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (15:30 IST)
ജില്ലയില്‍ ജലക്ഷാമമുള്ള പ്രദേശത്തെ കുളത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തി. പുഷ്പകണ്ടം സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ പ്രശാന്തിന്റെ പുരയിടത്തിലെ പടുതാകുളത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. കുളത്തില്‍ വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റകൊടുക്കാനെത്തിയപ്പോഴായിരുന്നു മീനുകള്‍ ചത്തുകിടക്കുന്നതായി പ്രശാന്ത് കണ്ടത്.

കുളത്തില്‍ നിന്നും കളനാശിനി കുപ്പി കണ്ടെത്തിയിട്ടുണ്ട്. പത്ത് അടി താഴ്ചയില്‍ നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു. കനത്ത ജലക്ഷാമം അനുഭവപെടുന്ന പ്രദേശമാണിവിടം. കൊടും വേനലില്‍ കൃഷി ജോലികള്‍ക്കാവശ്യമായ വെള്ളം പടുതാകുളം നിര്‍മ്മിച്ച് മുന്‍കൂട്ടി സംഭരിച്ചതായിരുന്നു. വിഷം കലരുകയും മീനുകള്‍ ചത്ത് പൊങ്ങി ദുര്‍ഗന്ധം വമിയ്ക്കുകയും ചെയ്യുന്നതോടെ വെള്ളം ഒഴുക്കി കളയേണ്ട അവസ്ഥയാണുള്ളത്.

അരക്കിലോയോളം തൂക്കമുള്ള മീനുകള്‍ കുളത്തില്‍ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ വിളവെടുപ്പ് നടത്താനിരിക്കെയാണ് ഇവ ചത്ത് പൊങ്ങിയത്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :