സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 14 ഡിസംബര്‍ 2018 (15:45 IST)
വിമാന യാത്രക്കിടെ സഹായാത്രികയെ ലൈംഗികമായി ചൂഷണം ചെയ്ത് ഇന്ത്യക്കാരന് 9
വർഷം ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. അമേരിക്കയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ പ്രഭു രാമിമൂർത്തിയെയാണ് കോടതി 9 വർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാലുടൻ അമേരിക്കയിൽ പ്രവേശിക്കാനാവാത്ത വിധത്തിൽ പ്രഭുവിന് വിലക്കേർപ്പെടുത്തണം എന്നും കോടതി വിധിച്ചു.
ഈ മാസം തുടക്കത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യയുമായി ലാസ് വേഗാസിൽ നിന്നും ഡിട്രോയിറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ സമീപത്തെ സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാൾ സ്പർശിക്കുകയായിരുന്നു.
ശരീരത്തിൽ സ്പർശനം അറിഞ്ഞതോടെ യുവതി പെട്ടന്ന് ഉണർന്നു. യുവതിയുടെ മേൽ വസ്ത്രത്തിന്റെ ബട്ടണുകളും അടിവസ്ത്രത്തിന്റെ സിബും അഴിച്ച നിലയിലായിരുന്നു ഉണ്ടയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ പ്രഭു ഭാര്യയുടെ തോളിലേക്ക് ഉറങ്ങിവീഴുന്നതായി നടിച്ചു. ഇതോടെ ഉറങ്ങുകയായിരുന്ന ഭാര്യയും ഉയർന്നു.
വിമാനത്തിനുള്ളിൽ ഇരുവരും വാക്കുതർക്കം ഉണ്ടായതോടെ ഇവരെ വേറെ സീറ്റുകളിലേക്ക് മാറ്റി ഇരുത്തുകയായിരുന്നു. എന്നാൽ യുവതി തെളിവുകളോടെ വിമാന അധികൃതരെ സമീപിച്ചതോടെ വിമാനം ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ ദേഹത്ത് കിടന്നാണ് യുവതി ഉറങ്ങിയത് എന്ന് പറഞ്ഞ് ആദ്യം ചോദ്യം ചെയ്യലിൽ പ്രതിരോധിച്ചെങ്കിലും എഫ് ബി ഐയുടെ ചോദ്യം ചെയ്യലിൽ പ്രഭു എല്ലാം സമ്മതിച്ചു. പ്രോസിക്യൂഷൻ 11 വർഷം തടവ് നൽകണം എന്നാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോടതി 9 വർഷം ശിഷ വിധിക്കുകയായിരുന്നു.