മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബന്ധുക്കൾ തമ്മിലുള്ള വഴക്കിൽ ബലിയാടായത് കൊച്ചുമകൾ; നാലുവയസുകാരി കൈക്കോട്ടുകൊണ്ട് തലക്കടിയേറ്റ് മരിച്ചു

Sumeesh| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (16:46 IST)
തൃശൂര്‍: കുടുംബക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റ് നാല് വയസുകാരി മരിച്ചു. തൃശൂരിലെ വടക്കേക്കാട് കച്ചേരിപ്പടിയിലാണ് സംഭവം. ജിതേഷിന്റെ മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. ആദിലക്ഷ്മിയുടെ അമ്മ നിത്യ നേരത്തെ മരണപ്പെട്ടതാണ്.

മൂന്ന് വർഷം മുൻപ് മഞ്ഞപ്പിത്തം ബാധിച്ചാണ് കുട്ടിയുടെ അമ്മ നിത്യ മരിച്ചത്. നിത്യയുടെ മരണത്തിന് ശേഷം ജിതേഷ് പുനർ വിവാഹം ചെയ്തിരുന്നു. ഇതോടെ കുട്ടിയെ നിത്യയുടെ അമ്മ ലതയാണ് നോക്കിയിരുന്നത്.

ലതയും ഭർത്താവ് ചന്ദ്രനും തമ്മിൽ മിക്കപോഴും വഴക്കുണ്ടാവാറുണ്ട്. ബുധനാഴ്ച രാത്രി ഇവര്‍ വഴക്കിടുന്നതറിഞ്ഞ് എത്തിയ ലതയുടെ ബന്ധുക്കളും ചന്ദ്രന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ ലതയുടെ സമീപത്ത് നിന്ന ആദിലക്ഷ്മിയുടെ തലക്ക് കൈക്കോട്ടുകൊണ്ട് അടിയേൽക്കുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :