എ കെ ജെ അയ്യർ|
Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2023 (11:10 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ കടന്നു പിടിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് വെള്ളൈക്കടവ് ദീപുനിവാസിൽ ദീപു എന്ന 43 കാരനാണ് പോലീസ് വലയിലായത്.
പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന 14 വയസുള്ള രണ്ടു വിദ്യാർഥിനികൾക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. കുട്ടികൾ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകവെയാണ് ബസ്സിൽ വച്ച് ഇവരെ ഉപദ്രവിച്ചത്.
വിദ്യാർത്ഥികളുടെ ബഹളത്തെ തുടർന്ന് സംഭവം ശ്രദ്ധയിൽ പെട്ട കണ്ടക്ടറും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പൂന്തുറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.