അഭിറാം മനോഹർ|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (19:54 IST)
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പരിക്കിനെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ ഇതിനെ തുടര്‍ന്ന് പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും മോചനം നേടുന്ന പാണ്ഡ്യ ടീമിനൊപ്പം അടുത്ത മത്സരത്തില്‍ ചേരുമെങ്കിലും സെമി ഫൈനല്‍ മത്സരങ്ങളില്‍ താരം കളിക്കാനാകും സാധ്യതയേറെയും.
ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് മുഹമ്മദ് ഷമിയാണ് കഴിഞ്ഞ 2 മത്സരങ്ങളിലും ടീമില്‍ ഇടം നേടിയത്. ഷാര്‍ദൂല്‍ താക്കൂറിന് പകരം സൂര്യകുമാര്‍ യാദവും ടീമിലെത്തി. മുഹമ്മദ് ഷമിയാകട്ടെ ഈ ലോകകപ്പില്‍ കളിച്ച 2 മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തീയത്. അതിനാല്‍ തന്നെ ഹാര്‍ദ്ദിക്കിനെ ഉടന്‍ തന്നെ കളിപ്പിക്കേണ്ടെന്നാണ് മാനേജ്‌മെന്റ് തീരുമാനം.
അതേസമയം ഹാര്‍ദ്ദിക് ടീമിലെത്തുമ്പോള്‍ ടീമിന്റെ ബാറ്റിംഗ് ശക്തിമെച്ചപ്പെടുത്താല്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തുന്നത് മണ്ടത്തരമാകുമെന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. നിലവില്‍ ബുമ്രയും സിറാജുമാണ് ഇന്ത്യയുടെ പേസര്‍മാര്‍. എന്നാല്‍ ലോകകപ്പില്‍ ലഭിച്ച 2 അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഷമിയെ ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ ഒഴിവാക്കാനാകില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സ്വപ്നതുല്യമായ ഫോമില്‍ കളിക്കുന്ന താരത്തിന്റെ സേവനം വേണ്ടെന്ന് വെയ്ക്കുന്നത് ലോകകപ്പില്‍ ഇന്ത്യ ചെയ്യുന്ന വലിയ മണ്ടത്തരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെയും അഭിപ്രായം.