Cricket worldcup 2023: അടുത്തെങ്ങും ഒരു ഇന്ത്യൻ താരമില്ല, ലോകകപ്പെന്നാൽ ഷമി വേറെ ലെവൽ തന്നെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (15:22 IST)
കഴിഞ്ഞ ലോകകപ്പില്‍ നിറുത്തിയ ഇടത്ത് നിന്ന് തുടങ്ങി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. കഴിഞ്ഞ മത്സരത്തില്‍ 5 വിക്കറ്റുമായി തിളങ്ങിയ ഷമി ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 4 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ 2023 ലെ ലോകകപ്പില്‍ കളിച്ച 2 മത്സരങ്ങളില്‍ നിന്ന് മാത്രം 9 വിക്കറ്റ് താരം സ്വന്തമാക്കി. ഇന്നലെയും നാല് വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 4 വിക്കറ്റ് വീഴ്ത്തുന്ന താരമായി ഷമി മാറി. ലോകകപ്പില്‍ 6 തവണ നാലുവിക്കറ്റ് സ്വന്തമാക്കിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് താരമെത്തിയത്.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ 7 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 4 വിക്കറ്റ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് വിക്കറ്റും ബൗള്‍ഡായിരുന്നു. ലോകകപ്പില്‍ 13 മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റുകള്‍ ഇതിനകം തന്നെ ഷമി സ്വന്തമാക്കികഴിഞ്ഞു. ഇതോടെ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 40 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി ഷമി മാറി. ഇന്ത്യന്‍ ബൗളര്‍മാരില്‍ 23 മത്സരങ്ങളില്‍ 44 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള പേസര്‍ സഹീര്‍ ഖാനാണ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള താരം. 33 കളികളില്‍ 44 വിക്കറ്റുമായി ജവഗല്‍ ശ്രീനാഥാണ് സഹീറിനൊപ്പം റെക്കോര്‍ഡ് പങ്കെടുന്നത്. ലോകകപ്പില്‍ ഷമി മിന്നും ഫോം തുടരുന്നതിനാല്‍ വരുന്ന മത്സരങ്ങളില്‍ തന്നെ ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയേറെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :