കപിലിന്റെ പ്രകടനം കാണാത്തവരാണ്, പക്ഷേ അഭിമാനിക്കാം മാക്‌സ്‌വെല്ലിന്റെ പ്രകടനം ഞങ്ങള്‍ കണ്ടിട്ടുണ്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (17:50 IST)
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഇക്കാലമത്രയും ആദ്യമായി ഇടം പിടിക്കുന്ന പ്രകടനം 1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവും സയ്യിദ് കിര്‍മാനിയും കൂടി നേടിയ റെക്കോര്‍ഡ് കൂട്ടുക്കെട്ടായിരുന്നു. 1983ലെ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ കപില്‍ ദേവ് ബാറ്റിംഗിനിറങ്ങുമ്പോള്‍ 17 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായ നിലയിലായിരുന്നു ഇന്ത്യ. 138 പന്തില്‍ നിന്നും 16 ഫോറും 6 സിക്‌സുമായി പുറത്താകാതെ 175 റണ്‍സാണ് കപില്‍ അന്ന് സ്വന്തമാക്കിയത്. കപില്‍ ദേവിന്റെ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 8 വിക്കറ്റിന് 266 എന്ന അന്നത്തെ മികച്ച ടോട്ടല്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അന്ന് ക്രിക്കറ്റിലെ വലിയ ശക്തികളല്ലാത്തതിനാല്‍ തന്നെ ആ ദിനത്തില്‍ ഉണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയ അടക്കമുള്ള മത്സരമുണ്ടായിരുന്നു. ക്രിക്കറ്റിലെ അന്നത്തെ കുഞ്ഞന്മാര്‍ തമ്മിലുള്ള മത്സരമായിരുന്നതിനാല്‍ ചാനലുകള്‍ ഇന്ത്യ സിംബാബ്‌വെ മത്സരത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നില്ല. 1983ലെ ലോകകപ്പില്‍ കപില്‍ദേവും സയ്യിദ് കിര്‍മാനിയും അന്നെടുത്ത 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിലോ അതിന് താഴെയോ ഉള്ള ലോകകപ്പിലെ എക്കാലത്തെയും ഉയര്‍ന്ന കൂട്ടുകെട്ടായി ഉണ്ടായിരുന്നത്.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന് അറിയപ്പെട്ട കപില്‍ദേവിന്റെ പ്രകടനം അന്ന് കാണാനോ പിന്നീട് കാണാനോ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഭാഗ്യമുണ്ടായില്ല. എന്നാല്‍ ലോകകപ്പിലെ കപിലിന്റെ പ്രകടനത്തിനൊപ്പമോ അതിന് മുകളിലോ വരുന്ന പ്രകടനമാണ് ഇന്നലെ മാക്‌സ്‌വെല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി സമ്മാനിച്ചത്. ഓസീസ് സ്‌കോര്‍ ബോര്‍ഡ് 91 റണ്‍സിന് 7 എന്ന നിലയില്‍ ഒന്നിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ പാറ്റ് കമ്മിന്‍സ് കൂട്ടുക്കെട്ട് 202 റണ്‍സാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. 128 പന്തില്‍ 201 റണ്‍സുമായി മാക്‌സ്വെല്‍ തിളങ്ങിയ മത്സരത്തില്‍ 202 റണ്‍സ് കൂട്ടുക്കെട്ടില്‍ 12 റണ്‍സ് മാത്രമാണ് കമ്മിന്‍സിന്റെ സംഭാവന. അതിനാല്‍ തന്നെ അന്ന് കപിലിന്റെ പ്രകടനം നഷ്ടമായവര്‍ക്ക് ഇന്ന് ഉറക്കെ പറയാം. ഞങ്ങള്‍ കപിലിനെ കണ്ടിട്ടില്ല. മാക്‌സ്‌വെല്ലിനെ കണ്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :