വെറുതെയല്ല 10 കൊല്ലമായിട്ടും ഇന്ത്യ ഐസിസി കിരീടങ്ങൾ നേടാത്തത്, രാഹുലിനെതിരെ പരോക്ഷവിമർശനവുമായി ഗംഭീർ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:20 IST)
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ വിജയിക്കാനായെങ്കിലും മത്സരത്തില്‍ 97 റണ്‍സോടെ പുറത്താകാതെ നിന്ന കെ എല്‍ രാഹുലിന് കളിയില്‍ സെഞ്ചുറി നേടാനായിരുന്നില്ല. മത്സരത്തിലെ അവസാന പന്തുകളില്‍ സെഞ്ചുറി നേടാന്‍ രാഹുല്‍ ശ്രമവും നടത്തിയിരുന്നു. മത്സരം സിക്‌സറിലൂടെ വിജയിപ്പിച്ചപ്പോഴും മത്സരത്തില്‍ സെഞ്ചുറി നേടാനാവാതെ പോയതിന്റെ നിരാശ ഇന്ത്യന്‍ താരമായ കെ എല്‍ രാഹുല്‍ പ്രകടിപ്പിച്ചിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരത്തില്‍ നേടിയ സിക്‌സറാണ് രാഹുലിന്റെ സെഞ്ചുറി നഷ്ടമാവാന്‍ കാരണമെന്നാണ് ഒരുകൂട്ടം ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഇപ്പോഴിതാ റെക്കോര്‍ഡുകളോടുള്ള ഇന്ത്യന്‍ താരങ്ങളുടെ ഈ ആര്‍ത്തിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ ഐസിസി കിരീടങ്ങള്‍ ഒന്നും നേടാതിരിക്കാന്‍ കാരണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. നിങ്ങള്‍ 30-40 റണ്‍സടിച്ചാലും 140 റണ്‍സടിച്ചാലും ആത്യന്തികമായി ടീം വിജയിച്ചോ എന്നുള്ളതാണ് പ്രധാനം. വ്യക്തിഗത നേട്ടങ്ങളോടുള്ള ഈ അഭിനിവേശമാണ് കഴിഞ്ഞ 10 വര്‍ഷമായി നമ്മള്‍ ഐസിസി കിരീടങ്ങള്‍ നേടാതിരിക്കാനുള്ള പ്രധാന കാരണം.

എന്നെ സംബന്ധിച്ചിടത്തോളം ഒരു താരം സെഞ്ചുറി നേടിയോ എന്നത് പ്രധാനമല്ല. അവസാനം വരെ നിന്ന് ടീമിനെ ജയിപ്പിച്ചോ എന്നതാണ് പ്രധാനം. സെഞ്ചുറിയല്ല, ടീം വിജയിച്ചോ എന്നതാണ് കളിക്കാര്‍ നോക്കേണ്ടത് ഗംഭീര്‍ പറഞ്ഞു. ഓസീസിനെതിരായ മത്സരത്തില്‍ സിക്‌സ് നേടികൊണ്ട് ഇന്ത്യയെ വിജയിപ്പിച്ചെങ്കിലും അവസാന 2 പന്തുകളില്‍ ഫോറും സിക്‌സും നേടി സെഞ്ചുറി സ്വന്തമാക്കാനാണ് ശ്രമിച്ചതെന്ന് മത്സരശേഷം കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :