അഭിറാം മനോഹർ|
Last Modified ഞായര്‍, 19 നവംബര്‍ 2023 (18:09 IST)
ലോകകപ്പ്
ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 240 റൺസിലൊതുക്കി ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത ഓസ്ട്രേലിയയുടെ മൈതാനത്ത് വലകുരുക്കിയപ്പോൾ ഇന്ത്യൻ ബാറ്റർമാരെല്ലാം അതിൽ കുരുങ്ങുന്ന കാഴ്ചയാണ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കാണാനായത്. തുടക്കത്തിലെ തന്നെ ഓപ്പണർ ഗില്ലിനെ നഷ്ടമായ ഇന്ത്യൻ ഇന്നിങ്ങ്സിനെ നായകൻ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് കരകയറ്റുമെന്ന സൂചന ലഭിച്ചെങ്കിലും അനാവശ്യമായ ഷോട്ടിലൂടെ രോഹിത്തും പിന്നാലെ തന്നെ ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യൻ ഇന്നിംഗ്സിനെ പ്രതിസന്ധിയിലാക്കി.
കെ എൽ രാഹുലും വിരാട് കോലിയും ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 148ൽ നിൽക്കെ കോലിയെ നഷ്ടമായി. 54 റൺസെടുത്ത കോലിയെ ഓസീസ് നായകനായ പാറ്റ് കമ്മിൻസാണ് പുറത്തായത്. കോലിയും കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
കെ എൽ രാഹുൽ 107 പന്തിൽ 66 റൺസെടുത്ത് പുറത്തായി. 18 റൺസുമായി സൂര്യകുമാർ യാദവും 10 റൺസുമായി കുൽദീപ് യാദവും അവസാനത്തെ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ഇന്നിങ്ങ്സ് 240 റൺസിന് അവസാനിക്കുകയായിരുന്നു.
ഓസീസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് 10 ഓവറിൽ 55 റൺസ് വഴങ്ങി 3 വിക്കറ്റും ജോഷ് ഹെയ്സൽ വുഡ്, പാറ്റ് കമ്മിൻസ് എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി.