IND vs AUS Final Live:ഹാര്‍ദ്ദിക്കിന്റെ പരിക്ക് ഇന്ത്യന്‍ ടീമിന്റെ തലവര തന്നെ മാറ്റി, ഷമി ഹീറോയായി മാറിയപ്പോള്‍ ടീം ഇന്ത്യ അജയ്യരായി

അഭിറാം മനോഹർ| Last Modified ഞായര്‍, 19 നവം‌ബര്‍ 2023 (11:34 IST)
ലോകകപ്പിന് തുടക്കമാവുന്നത് വരെ നിലവിലെ ഇന്ത്യന്‍ ടീമിനെ പറ്റി ആശങ്കകള്‍ സജീവമായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യുന്ന ടീമിലെ പല താരങ്ങളും പരിക്കിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തി അധികം നാളുകളായിട്ടുണ്ടായിരുന്നില്ല. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,ജസ്പ്രീത് ബുമ്ര എന്നീ സ്ഥിരം താരങ്ങള്‍ പോലും ഏറെ നാള്‍ ക്രിക്കറ്റ് കളിക്കാതെ ടീമില്‍ തിരിച്ചെത്തിയ താരങ്ങളായിരുന്നു. എങ്കിലും ഈ താരങ്ങളില്‍ ടീം പൂര്‍ണ്ണമായ വിശ്വാസമാണ് പുലര്‍ത്തിയത്.


ശ്രേയസ് അയ്യര്‍ തിളങ്ങിയില്ലെങ്കില്‍ ടീമിനെ നാലാം നമ്പര്‍ ആരായിരിക്കും ആറാം നമ്പറില്‍ ഒരു പ്രോപ്പര്‍ ബൗളര്‍ ഇല്ലെങ്കില്‍ ലോകകപ്പില്‍ പണിവാങ്ങിക്കുമോ എന്ന ആശങ്കകള്‍ സജീവമായിരുന്നു. ഒരു കണക്കിന് ശ്രേയസ് അയ്യരുടെ പുറത്ത് ടീം പുലര്‍ത്തിയ വിശ്വാസത്തെ ദ്രാവിഡിന്റെയും രോഹിത്തിന്റെയും ചൂതാട്ടമായി കൂടെ കാണാം. പരിക്കില്‍ നിന്നും തിരിച്ചെത്തിയ താരം പരാജയമാവുകയായിരുന്നെങ്കില്‍ എല്ലാ പഴിയും ഏല്‍ക്കേണ്ടിവരിക ഇവരായിരുന്നു. എന്നാല്‍ ലോകകപ്പ് ആരംഭിച്ചതും എണ്ണയിട്ട യന്ത്രത്തെ പോലെയാണ് ഇന്ത്യന്‍ ടീം പ്രവര്‍ത്തിച്ചത്.

ടൂര്‍ണമെന്റിന്റെ പാതിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് മടങ്ങുന്നത് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് ഭയന്നെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. ഹാര്‍ദ്ദിക് മടങ്ങിയതോടെ ടീമില്‍ ബാറ്റിംഗ് ഓള്‍റൗണ്ടറായി കളിച്ചിരുന്ന ശാര്‍ദൂല്‍ താക്കൂറും ടീമിന് പുറത്തായി. പകരം ഒരു ബാറ്ററും ഒരു ബൗളറും ടീമിലേക്ക്. മുഹമ്മദ് ഷമിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അങ്ങനെയായിരുന്നു. അതുവരെയും ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഷമിയുടെ പേരില്ലായിരുന്നു. എന്നാല്‍ ഷമി തിരിച്ചെത്തിയതോടെ ഇന്ത്യന്‍ സംഘത്തിന്റെ മൂര്‍ച്ച ഇരട്ടിക്കുകയാണ് ചെയ്തത്. ടൂര്‍ണമെന്റിലെ മോശമല്ലാത്ത ടീമില്‍ നിന്നും അജയ്യരായ ടീമായി ഉയര്‍ന്നു.

ടീമില്‍ ബൗളറായി എത്തിയ ആദ്യ കളിയില്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഷമി കൊയ്തത്. അതുവരെയും ഇന്ത്യന്‍ ബൗളിംഗിലെ ദുര്‍ബലമായ കണ്ണിയായിരുന്ന ഷാര്‍ദൂല്‍ താക്കൂര്‍ ടീമിന് പുറത്തായപ്പോള്‍ എതിരാളികള്‍ക്ക് എളുപ്പം റണ്‍സ് നേടാനുള്ള ഒരു ഓപ്ഷന്‍ ഇല്ലാതാവുക മാത്രമല്ല വിക്കറ്റുകള്‍ കൂടുതല്‍ നഷ്ടമാകാനുള്ള സാധ്യതയും ഷമിയിലൂടെ വന്നു. ആദ്യ മത്സരത്തിലെ ഫൈഫര്‍ വെറും ഒരു സൂചന മാത്രമായിരുന്നു.

പിന്നീട് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 4 വിക്കറ്റുകള്‍. അടുത്ത മത്സരത്തില്‍ ശ്രീലങ്കക്കെതിരെയും ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ വെറും 3 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഷമി നേടിയത് 14 വിക്കറ്റ്. ഏത് ബൗളറുടെയും സ്വപ്നനേട്ടം. പിന്നീട് ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെ വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച ന്യൂസിലന്‍ഡിന്റെ 7 വിക്കറ്റുകളാണ് ഷമി പിഴുതെറിഞ്ഞത്. ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതോടെ ഷമിയുടെ പേരിലായി. ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കുമ്പോള്‍ ലോകകപ്പില്‍ അജയ്യരായി വിജയിച്ചുവന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലിലും അതിന് മാറ്റം ഉണ്ടാവില്ലെന്നും ടീം കപ്പടിക്കുമെന്നും തന്നെയാണ് ആരാധകര്‍ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :