അഭിറാം മനോഹർ|
Last Modified ഞായര്‍, 19 നവംബര്‍ 2023 (17:37 IST)
ലോകകപ്പിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് നേട്ടം കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിലാണ് ഇന്ത്യൻ സൂപ്പർ താരമായ വിരാട് കോലി മറികടന്നത്. ഒപ്പം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അമ്പതാം സെഞ്ചുറിയും കോലി മത്സരത്തിൽ കുറിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിലും അർധസെഞ്ചുറി സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ് താരം.
ഓസ്ട്രേലിയക്കെതിരെ സെമി ഫൈനലിലും സെഞ്ചുറി നേടിയതോടെ ലോകകപ്പിൻ്റെ സെമി ഫൈനലിലും ഫൈനലിലും 50+ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ബ്രയർലി(1979), മുൻ ഓസീസ് താരം ഡേവിഡ് ബൂൺ(1987), മുൻ പാക് നായകൻ ജാവേദ് മിയൻദാദ്(1992), മുൻ ശ്രീലങ്കൻ താരം അരവിന്ദ ഡി സിൽവ(1996), മുൻ ന്യൂസിലൻഡ് താരം ഗ്രാൻ്റ് ഏലിയറ്റ്(2015), ഓസീസ് താരം സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണ് കോലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.
ഫൈനൽ മത്സരത്തിൽ 63 പന്തിൽ നിന്നും 54 റൺസെടുത്താണ് കോലി പുറത്തായത്. ഇത്തവണ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് കോലി 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. 2019 ലെ ലോകകപ്പിലും കോലി തുടർച്ചയായ അഞ്ച് ഇന്നിങ്ങ്സുകളിൽ 50+ സ്കോർ ചെയ്തിരുന്നു.