അഭിറാം മനോഹർ|
Last Modified ബുധന്‍, 15 നവംബര്‍ 2023 (19:35 IST)
2023 ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയമായ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം രാജിവെച്ച് പാക് സൂപ്പര്‍ താരം ബബര്‍ അസം. ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ ലോകകപ്പിനെത്തിയ പാകിസ്ഥാന് ലോകകപ്പിലെ 9 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. നായകസ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപിക്കുന്ന ബാബര്‍ അസമിന്റെ കത്ത് ഇങ്ങനെ.
2019ലാണ് പാകിസ്ഥാന്‍ ടീമിനെ നയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷക്കാലം നായകനായി മൈതാനത്ത് ഒരുപാട് വിജയങ്ങളിലും പരാജയങ്ങളിലും ഞാന്‍ ഭാഗമായി. പക്ഷേ എന്റെ മുഴുവന്‍ ഹൃദയം കൊണ്ടും ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും എക്കാലവും ശ്രമിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമായി മാറിയതിന് പിന്നില്‍ കളിക്കാരുടെയും കോച്ചുമാരുടെയും മാനേജ്‌മെന്റിന്റെയും ശ്രമങ്ങളുണ്ട്. എന്റെ ഇതുവരെയുള്ള യാത്രയില്‍ എന്നെ പിന്തുണച്ച ആരാധകര്‍ക്കെല്ലാം ഞാനെന്റെ നന്ദി പറയുന്നു.
ഇന്ന് പാക് നായകസ്ഥാനത്ത് നിന്നും ഞാന്‍ പിന്മാറുകയാണ്. തീര്‍ച്ചയായും തീരുമാനം കഠിനമായിരുന്നു. പക്ഷേ ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ കരുതുന്നു. നായകനെന്ന നിലയില്‍ നിന്നും മാറുന്നുവെങ്കിലും ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഞാന്‍ കളി തുടരും. പുതിയ പാകിസ്ഥാന്‍ നായകന് എന്റെ പരിചയസമ്പത്ത് കൊണ്ടും കളിയോടുള്ള ആത്മസമര്‍പ്പണവും കൊണ്ടുള്ള പിന്തുണ ഞാന്‍ തുടരും. ഇത്രയും ഭാരിച്ച ഉത്തരവാദിത്വം എന്നില്‍ ഏല്‍പ്പിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഞാന്‍ നന്ദി പറയുന്നു. രാജിക്കത്തില്‍ ബാബര്‍ പറയുന്നു.