ധവാന് പകരം ഇംഗ്ലണ്ടിലെത്തിയ പന്തിന് ശമ്പളവുമില്ല, മാച്ച് ഫീയുമില്ല; താമസം പോലും വേറെ - കാരണം ഇതാണ്!

  Rishabh pant , indian team , world cup , dhoni , dhavan , ലോകകപ്പ് , കോഹ്‌ലി , ഇംഗ്ലണ്ട് , ഋഷഭ് പന്ത് , ധവാന്‍
നോട്ടിംഗ്ഹാം| Last Updated: വ്യാഴം, 13 ജൂണ്‍ 2019 (16:05 IST)
ശിഖര്‍ ധവാന്റെ പരുക്ക് ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ടീമിന്റെ കരുത്ത് എന്നറിയപ്പെടുന്ന ടോപ് ത്രീയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ധവാന്‍ പരുക്കിന്റെ പിടിയിലായതോടെ മുന്‍നിര താരങ്ങളില്‍ ഒരു ഇടം കൈ ബാറ്റ്‌സ്‌മാന്‍ ഇല്ലാത്ത അവസ്ഥയുമുണ്ടായി.

ധവാന് പകരമായി ഇംഗ്ലണ്ടിലെത്തിയ യുവതാരം ഋഷഭ് പന്തിലേക്കാണ് ശ്രദ്ധ നീളുന്നത്. 16ന് പാകിസ്ഥാനെതിരെ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് മാത്രമേ പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളു.

ധവാന്റെ പരുക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് മാനേജ്മെന്റ് നോക്കുന്നത്. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് യുവതാരത്തെ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഐസിസിയുടെ കടുത്ത നിയന്ത്രണങ്ങള്‍ പന്തിനും ടീമിനും തിരിച്ചടിയാകുന്നുണ്ട്.

ധവാന്റെ പകരക്കാരനായി ഔദ്യോഗികമായി പന്തിനെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ടീമിനൊപ്പം പരിശീലനം നടത്താന്‍ മാത്രമേ താരത്തിന് അനുമതിയുള്ളൂ. ടീം താമസിക്കുന്ന ഹോട്ടലില്‍ അദ്ദേഹത്തിന് താമസിക്കാനുമാകില്ല. ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും പന്തിന് ലഭ്യമാകില്ല. ബിസിസിഐയുടെ ചെലവിലാണ് പന്ത് ഇംഗ്ലണ്ടില്‍ തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :