ധവാന്‍ വിശ്രമിച്ചപ്പോള്‍ രോഹിത്ത് ഇരട്ടച്ചങ്കനായി; സര്‍ഫ്രാസ്, ഞങ്ങള്‍ക്ക് മുമ്പില്‍ നിങ്ങളെന്തൊരു തോല്‍‌വിയാണ്!

 India vs Pakistan , World Cup match , kohli , രോഹിത് ശര്‍മ്മ , ധോണി , ലോകകപ്പ് 2019 , സച്ചിന്‍ തെന്‍‌ഡുക്കര്‍ , സര്‍ഫ്രാസ്
മാഞ്ചസ്‌റ്റര്‍| Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (17:10 IST)
‘മുഹമ്മദ് ആമിറിനെ കരുതലോടെ നേരിടണം, എന്നാല്‍ ഭയമില്ലാതെ ബാറ്റ് വീശണം’, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുക്കര്‍ നല്‍കിയ ഈ വിജയഫോര്‍മുല വിരാട് കോഹ്‌ലിയും സംഘവും പ്രാവര്‍ത്തികമാക്കി. ഫലമോ, ആദ്യ ഓവര്‍ മെയ്‌ഡന്‍ എറിഞ്ഞതിന്റെ ഏക ആശ്വാസത്തില്‍ മടങ്ങേണ്ടി വന്നു ആമിറിന്.

തലകുനിച്ച് സര്‍ഫ്രാസും കൂട്ടരും മാഞ്ചസ്‌റ്ററിലെ മൈതാനം വിട്ടപ്പോള്‍ ആഹ്ലാദിച്ചത് ഇന്ത്യയെന്ന രാജ്യമാണ്. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, ഓരോ ഇന്ത്യക്കാരനും ഈ ജയം ആഘോഷമാക്കി. ഒരു കൂട്ടം മാച്ച് വിന്നര്‍മാരുള്ള ഈ ടീമിനെ തോല്‍‌പ്പിക്കുകയെന്നത് അസാധ്യമെന്ന് പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു.

ആദ്യം ബാറ്റിംഗില്‍ പിന്നെ ബോളിംഗിലും ഫീല്‍ഡിംഗിലും. ധവാന്‍ പുറത്തിരുന്ന മത്സരത്തില്‍ ഭയമില്ലാതിറങ്ങിയ രാഹുലും, സഹ ഓപ്പണറിലെക്ക് സമ്മര്‍ദ്ദമെത്താതെ വിദഗ്ദമായി പാക് ബോളര്‍മാരെ കശാപ്പ് ചെയ്‌ത രോഹിത് ശര്‍മ്മയും ക്യാപ്‌റ്റന്റെ കളിയുമായി കോഹ്‌ലിയും കളം നിറഞ്ഞു.

ഭൂവിക്ക് പകരം പന്തെറിയേണ്ടി വരുകയും അരങ്ങേറ്റ ലോകകപ്പിലെ ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുക്കുകയും ചെയ്‌‌ത വിജയ് ശങ്കറും നിര്‍ണായ ബ്രേക്ക് ത്രൂ നല്‍കിയ കുല്‍‌ദീപും, ഓള്‍ റൌണ്ടറുടെ റോള്‍ എന്താണെന്ന് തെളിയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും ഇംഗ്ലീഷ് മണ്ണില്‍ ചങ്ക് വിരച്ചു നിന്നപ്പോള്‍ പാകിസ്ഥാന് തോല്‍‌വി സമ്മതിക്കാതെ മറ്റു വഴിയില്ലായിരുന്നു.

ജയത്തിന്റെ സൂപ്പര്‍ സണ്‍‌ഡേ ഇന്ത്യക്ക് സമ്മാനിച്ചത് രോഹിത്താണെന്നതില്‍ യാതൊരു സംശയവുമില്ല. ധവാന്റെ അഭാവത്തില്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം അടിച്ചെടുത്തത് 113 പന്തില്‍ 140 റണ്‍സാണ്. രാഹുലും രോഹിത്തും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത് ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടുന്ന ആദ്യ ഓപ്പണിംഗ് വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ട് കൂടിയാണ്. സമ്മര്‍ദത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ രാഹുല്‍ മികച്ച ഒരു ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉണ്ടാക്കിയതോടെ പാക്കിസ്ഥാന്‍റെ പ്രതീക്ഷകള്‍ തകര്‍ന്നു.

113 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 140 റൺസുമെടുത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ വന്ന കോഹ്‌ലി കളം നിറഞ്ഞെങ്കിലും സാധ്യമായിരുന്ന സെഞ്ചുറി ഒരു ചെറിയ പിഴവില്‍ അദ്ദേഹം നഷ്‌ടപ്പെടുത്തിയത് മാത്രമാണ് ഈ മത്സരം നല്‍കിയ ഏക നിരാശ.


336 എന്ന വലിയ ടോട്ടലിലിലേക്ക് ഓപ്പണര്‍ ഫഖര്‍ സമനും ബാബര്‍ അസമും ചേര്‍ന്ന് പാകിസ്ഥനെ അടുപ്പിക്കുമെന്ന് തോന്നിച്ചപ്പോള്‍ ആ കൂട്ടു‌ക്കെട്ട് തകര്‍ക്കാനുള്ള നിയോഗം കുല്‍ദീപിനായിരുന്നു. കുത്തിത്തിരിഞ്ഞ അതിമനോഹരമായ പന്ത് ബാബറിന്‍റെ വിക്കറ്റ് തെറിച്ചപ്പോള്‍ പക് ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് തകര്‍ന്നത്.


അടുത്ത ഓവറില്‍ ഫഖറിനെയും വീഴ്‌ത്തിയ കുല്‍‌ദീപ് ഇന്ത്യന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ തൊട്ടതെല്ലാം പൊന്നായപ്പോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയോട് ഏഴാം തോല്‍‌വി ഏറ്റുവാങ്ങേണ്ട നാണക്കേടിലായി പാക് ക്രിക്കറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :