മാഞ്ചസ്റ്റര്‍|
Last Updated:
ബുധന്‍, 10 ജൂലൈ 2019 (16:36 IST)
വിജയക്കുതിപ്പിലായിരുന്നു ഇന്ത്യ. ആ കുതിപ്പ് ലോകകപ്പ് നേടിക്കൊണ്ടുമാത്രമേ അവസാനിക്കൂ എന്നാണ് ആരാധകരുടെ വിശ്വാസം. ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനല്‍ റിസര്‍വ് ദിനത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഏവരും ആത്മവിശ്വാസത്തിലായിരുന്നു. വെറും 240 റണ്‍സ് ആണ് വിജയലക്‍ഷ്യം.
എന്നാല്‍ കാര്യങ്ങള്‍ കലങ്ങിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ആദ്യ അഞ്ചുറണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നുവിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും പുറത്ത്. മൂന്നു പേരും ഓരോ റണ്‍ മാത്രം നേടി മടങ്ങി. പിന്നീട് 25 പന്തുകളില്‍ നിന്ന് വെറും ആറ് റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്കും മടങ്ങി.
ഇന്ത്യ നടുങ്ങിവിറച്ചു. എങ്ങനെയിത് സംഭവിച്ചു?
മഴപെയ്തുപെയ്ത് മാഞ്ചസ്റ്ററിലേത് ബൌളിംഗ് പിച്ചായി മാറിയോ? മാറ്റ് ഹെന്‍ട്രിയുടെയും ബോള്‍ട്ടിന്‍റെയും തീയുണ്ടകള്‍ക്ക് മറുപടിയില്ലാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റ് താഴ്ത്തുകയായിരുന്നു. കോഹ്‌ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു എങ്കില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ദിനേശ് കാര്‍ത്തിക്കും ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
പന്തിന്‍റെ ഗതി മനസിലാക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. അതോ ചെറിയ ലക്‍ഷ്യമെന്ന ആത്‌മവിശ്വാസം അതിരുകടന്നപ്പോള്‍ പറ്റിയ ജാഗ്രതക്കുറവോ? ഇതുപോലെ നിര്‍ണായകമായ ഒരു മത്സരത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇങ്ങനെ പുറത്താകുന്നത് നിര്‍ഭാഗ്യകരമെന്നല്ലാതെ മറ്റെന്ത് പറയാന്‍.