Last Updated:
തിങ്കള്‍, 1 ജൂലൈ 2019 (16:43 IST)
ചേസിങ്ങിന്റെ രാജാവ് നയിക്കുന്ന ഇന്ത്യന്‍ ടീമിന് 338 റൺസെന്നത് ബാലികേറാമലയായിരുന്നോ?. അവസാന അഞ്ച് ഓവറില്‍ ലോകോത്തര ഫിനിഷറായ ധോണി സിംഗളുകളെടുത്ത് കളിച്ചത് എന്തിന് ?. കൂറ്റനടിക്കാരനായ രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും എന്തുകൊണ്ട് ഒരു സിക്സര്‍ പോലും പറന്നില്ല. ആദ്യ പത്ത് ഓവറില്‍ കോഹ്ലിയും രോഹിത്തും റണ്‍റേറ്റ് കാത്തു സൂക്ഷിക്കാതെ കളിച്ചത് എന്തിന് ?.
ഇന്ത്യ ജയിക്കാന്‍ വേണ്ടിയല്ല ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഈ സംശയങ്ങള്‍. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ കോഹ്ലിയും സംഘവും കളി അവസാനിപ്പിക്കുമ്പോള്‍ വഴിയടഞ്ഞത് പാകിസ്ഥാന് അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടേതാണ്. ഒപ്പം നിരവധി സംശയങ്ങളും ബലപ്പെട്ടു.
ഇന്ത്യയുടെ പരാജയത്തിന് കാരണം ധോണിയുടെ മെല്ലപ്പോക്കല്ല. ബാറ്റിംഗിലെ പിഴവ് കൊണ്ടു മാത്രമാണ് കളി കൈവിടേണ്ടി വന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. സ്കോര്‍ ബോര്‍ഡില്‍ വെറും എട്ടു റൺസുള്ളപ്പോഴാണ്
പൂജ്യനായി ലോകേഷ് രാഹുൽ പുറത്താകുന്നത്. ഇതാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
ആദ്യ മൂന്ന് ഓവർ മെയ്ഡനാക്കിയ ക്രിസ് വോക്സ് തുടക്കത്തിലേയുള്ള ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞു. കോഹ്ലി - രോഹിത് സഖ്യം ക്രീസില്‍ ഒത്തു ചേര്‍ന്നെങ്കിലും ആവശ്യമായ റണ്‍റേറ്റ് കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്കായില്ല. ആദ്യ പത്ത് ഓവറില്‍ ഇവര്‍ക്ക് ചേര്‍ക്കാനായത് വെറും 28 റണ്‍സ് മാത്രം. രണ്ടാം വിക്കറ്റിൽ 155 പന്തു നേരിട്ട സഖ്യം നേടിയതാകട്ടെ 138 റണ്‍സും.
കോഹ്ലി പുറത്തായതിനു പിന്നാലെ ഋഷഭ് പന്ത് വന്നെങ്കിലും മുതിര്‍ന്ന താരമായ രോഹിത് മെല്ലപ്പോക്ക് തുടര്‍ന്നു. യുവതാരം സ്ട്രൈക്ക് കൈമാറി നല്‍കിയെങ്കിലും രോഹിത് പ്രതിരോധത്തിലൂന്നി കളിച്ചു. സെഞ്ചുറിക്ക് പിന്നാലെ രോഹിത്ത് പുറത്താകുക കൂടി ചെയ്തതോടെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു.
പന്ത് - പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ ഇവര്‍ക്കായുള്ളൂ. ധോണി - പാണ്ഡ്യ ജോഡികള്‍ ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. പാണ്ഡ്യയുടെ ബാറ്റിംഗാണ് അവരില്‍ ഭയമുണ്ടാക്കിയത്. 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും നാല് ഓവറുകള്‍ കൂടി ക്രീസില്‍ നിന്നിരുന്നുവെങ്കില്‍ കളി ഇന്ത്യയുടെ വരുതിയിലാകുമായിരുന്നു.
എന്നാല്‍, അവസാന ഓവറുകളില്‍ ജാദവ് - ധോണി സഖ്യം സിംഗളുകള്‍ മാത്രം നേടാന്‍ ശ്രമിച്ചത് എന്തിനാണെന്ന സംശയം ആശങ്കപ്പെടുത്തുന്നതാണ്. 31 പന്തിൽ ജയിക്കാൻ 71 റൺസ് എന്ന നിലയിലാണ് ഇവര്‍ ഒന്നിച്ചത്. പക്ഷേ,
തോല്‍വി ഉറപ്പിച്ചതു പോലെ കളിച്ച ഇരുവരും അവസാന അഞ്ച് ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ നേടിയത് 39 റൺസ് മാത്രം.
ഐപിഎല്ലില്‍ ഇത്തരം ഘട്ടങ്ങള്‍ കൈകാര്യം ചെയ്ത് ടീമിനെ വിജയിത്തിലെത്തിക്കുന്ന ധോണിയില്‍ നിന്നാണ് ഈ സ്കോറിംഗ് കണ്ടതെന്നാണ് ആശങ്കയും സംശയവും ഉണ്ടാക്കുന്നത്. ധോണിക്ക് ഈസിയായി എത്തിപ്പിടിക്കാവുന്ന റണ്‍സായിരുന്നു ഇതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.