കോഹ്ലി നമ്പർ 1, ധോണി ചെയ്തത് ശരി? - മഹിയുമായിട്ട് വിരാടിനെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്

Last Modified വ്യാഴം, 27 ജൂണ്‍ 2019 (11:09 IST)
അഫ്ഗാനെതിരേയുള്ള മല്‍സരത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ കോലിയെയും ധോണിയെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ചായ ഭരത് അരുണ്‍ വ്യക്തമാക്കി. എല്ലാ ഫോര്‍മാറ്റിലും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടു തന്നെ അദ്ദേഹവുമായി മറ്റൊരു കളിക്കാരനെയും താരതമ്യം ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താനെതിരേ 11 റണ്‍സിന്റെ നേരിയ വിജയം കൈവരിച്ച കളിക്ക് ശേഷം ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ധോണിയാണ്. ധോണിയുടെ മെല്ലെപ്പോക്കിനെതിരെ ആരാധകരും രംഗത്ത് വന്നിരുന്നു. മുൻ താരം സച്ചിൻ ടെൻണ്ടുൽക്കർ വരെ ധോണിക്കെതിരെ വാളെടുത്തിരുന്നു.

അഫ്ഗാനെതിരായ കളിയില്‍ കോലിയുടെയും ധോണിയുടെയും ഇന്നിങ്‌സുകള്‍ താരതമ്യം ചെയ്തതിനെയാണ് അരുണ്‍ എതിര്‍ത്തത്. മല്‍സരത്തില്‍ 28 റണ്‍സെടുക്കാന്‍ ധോണി 52 പന്തുകള്‍ നേരിട്ടിരുന്നു. എന്നാല്‍ കോലിയാവട്ടെ 63 പന്തില്‍ 67 റണ്‍സുമായി തിളങ്ങിയിരുന്നു. 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് കോലി അഫ്ഗാനെതിരേ ബാറ്റ് ചെയ്തത്.

അഫ്ഗാനെതിരായ കളിയിൽ ധോണി ചെയ്തതാണ് ശരി. സാഹചര്യത്തിന് അനുസരിച്ചുള്ള ഇന്നിങ്‌സാണ് ധോണി കളിച്ചത്. കളിയുടെ ആ ഘട്ടത്തില്‍ ധോണിയോ കേദാര്‍ ജാദവോ പെട്ടെന്നു പുറത്തായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നു. അതുകൊണ്ടു ധോണിയുടെ അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് അത്ര ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :