Last Modified തിങ്കള്‍, 8 ജൂലൈ 2019 (11:29 IST)
ക്രിക്കറ്റ് ലോകം കാത്തിരുന്ന നാളുകൾ വരവായി. ലോകകപ്പ് ചൂട് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആവേശകരമായ പ്രാഥമിക റൌണ്ട് കഴിഞ്ഞപ്പോൾ ആശ്വാസമായത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കാണ്. സെമിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ഇതുവരെ ഈ നാല് ടീമുകൾ സെമിയിലെത്തിയപ്പോൾ ജയം ആർക്കൊപ്പമായിരുന്നുവെന്ന് നോക്കാം.
ഓസ്ട്രേലിയ
ലോകകപ്പിന്റെ സെമി ഫൈനലിൽ ഏറ്റവും അധികം റെക്കോർഡുള്ളത് ഓസ്ട്രേലിയയ്ക്കാണ്. കളിച്ച ഏഴു സെമി ഫൈനലുകളില്‍ ആറിലും ജയം സ്വന്തമാക്കി ഫൈനലിലെത്താൻ അവർക്ക് കഴിഞ്ഞു. ഒരു സെമി ടൈയില്‍ കലാശിക്കുകയായിരുന്നു. 85.71 ആണ് വിജയ ശരാശരി. 75ലെ പ്രഥമ ലോകകപ്പിന്റെ സെമിയില്‍ ഓസീസുണ്ടായിരുന്നു.
ന്യൂസിലൻഡ്
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് കൂടിയായ ന്യൂസിലാന്‍ഡ് കന്നി ലോകകപ്പ് തേടിയാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയത്. ഇതിനു മുൻപും കിവീസ് സെമിയിൽ എത്തിയിട്ടുണ്ട്. ഒന്നല്ല, ഏഴ് തവണ. എന്നാല്‍ 2015ലെ കഴിഞ്ഞ ലോകകപ്പിലൊഴിച്ച് മറ്റുള്ള ആറു സെമിയിലും അവര്‍ക്കു തോല്‍വി നേരിട്ടു. ഇത്തവണ ഇന്ത്യയെ ആണ് സെമിയിൽ നേരിടാൻ പോകുന്നത്.
ഇംഗ്ലണ്ട്
ആതിഥേയർ കൂടിയായ ഇംഗ്ലണ്ടിനു ഇത്തവണ കപ്പ് ഉയർത്താൻ സാധിക്കുമോയെന്നാണ് കാണികൾ ആകാംഷയോടെ ഉറ്റു നോക്കുന്നത്. നേരത്തേ അഞ്ചു തവണ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. പക്ഷേ, ഒരിക്കൽ പോലും കപ്പുയർത്താൻ ടീമിനായിട്ടില്ല.
ഇന്ത്യ
ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ടീം
ഇന്ത്യ സെമി ഫൈനലിലേക്കു കയറിയത്. ഇതിനു മുമ്പ് ആറു തവണ ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തിലാണ് ജയിക്കാനായത്. മൂന്നില്‍ രണ്ടിലും ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു.