സിഡ്നി|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (11:31 IST)
ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന്‍റെ തോല്‍വിക്ക് പല കാരണങ്ങളുണ്ടെങ്കിലും അതിന്‍റെ പ്രധാന കാരണക്കാരന്‍ മിച്ചല്‍ സ്റ്റാര്‍ക് എന്ന ഓസീസ് പേസര്‍ ആണ്. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന്‍റെ വന്‍മരമായ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ വിക്കറ്റ് തെറിപ്പിച്ച് സ്റ്റാര്‍ക്ക് കിരീടത്തിനര്‍ഹര്‍ തങ്ങള്‍ തന്നെ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഉടന്‍ ഐ പി എല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മറ്റ് ടീമുകള്‍ ഭയപ്പാടോടെ വീക്ഷിക്കുന്നതിന് ഒരു കാരണവും അവരുടെ ടീമിലെ സ്റ്റാര്‍ക്കിന്‍റെ സാന്നിധ്യം തന്നെ. എന്നാല്‍ എതിരാളികള്‍ക്ക് അല്‍പ്പം ആശ്വസിക്കാം. ഐ പി എല്ലിന്‍റെ തുടക്കത്തിലെ മത്സരങ്ങളില്‍ സ്റ്റാര്‍ക് ഉണ്ടാകില്ല. കാരണം കടുത്ത മുട്ടുവേദന.
രണ്ടുമൂന്നാഴ്ച മിച്ചല്‍ സ്റ്റാര്‍ക് ഓസ്ട്രേലിയയില്‍ തന്നെ വിശ്രമിക്കുകയും ചികിത്സ ചെയ്യുകയും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
22 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് ലോകകപ്പില്‍ പിഴുതത്. വിക്കറ്റുവേട്ടയില്‍ നമ്പര്‍ വണ്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന 37 മത്സരങ്ങളില്‍ 27ലും ഓസ്ട്രേലിയയ്ക്ക് വേണ്ടി പന്തെറിയാന്‍ സ്റ്റാര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ 14 ഏകദിനങ്ങളില്‍ സ്റ്റാര്‍ക് തുടര്‍ച്ചയായി പങ്കെടുത്തു. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിന് ഒരു വിശ്രമം അനിവാര്യമായ ഘട്ടം തന്നെയാണിത്.