2007ലെ ടി20 ലോകകപ്പിൽ ക്യാപ്‌റ്റനാക്കുമെന്ന് പ്രതീക്ഷിച്ചു, തുറന്ന് പറഞ്ഞ് യുവ്‌രാജ് സിങ്

അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂണ്‍ 2021 (15:19 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിൽ ഏറ്റവും സഹായകരമായത് 2007ലെ ടി20 ലോകകപ്പ് വിജയമായിരുന്നു. തുടർന്ന് ഏകദിനത്തിൽ 2011ലും ഇന്ത്യ ലോകകിരീട നേട്ടം ആവർത്തിച്ചു. രണ്ട് ലോകകപ്പിലും നിർണായക സാന്നിധ്യമായത് യു‌വ്‌രാജ് സിങ്ങ് എന്ന താരമായിരുന്നു.

ഇപ്പോളിതാ 2007ലെ ടി20 ലോകകപ്പിൽ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് യുവ്‌രാജ് സിങ്. ഇന്ത്യ ഏകദിന ലോകകപ്പിൽ തോറ്റ് നിൽക്കുന്ന സമയമായിരുന്നു അത്. കൂടാതെ ഒരു മാസത്തെ അയര്‍ലന്‍ഡ് പര്യടനവും ഉണ്ടായിരുന്നു. ഇതെല്ലാം കൂടാതെയാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടി20 ലോകകപ്പ് വരുന്നത്. നാല് മാസത്തോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതിനാല്‍ പല സീനിയര്‍ താരങ്ങളും ടി20 ലോകകപ്പിനില്ലെന്ന് തീരുമാനിച്ചു.

അന്ന് ആരും തന്നെ ടി20 ലോകകപ്പിനെ അത്ര പ്രാധാന്യത്തിലെടുത്തിരുന്നില്ല. അതിനാൽ തന്നെ ഞാൻ നായകനായേക്കുമെന്ന് കരുതി. എന്നാൽ ധോണിയെയാണ് നായകനായി തിരെഞ്ഞെടുത്തത്. യുവ്‌രാജ് പറഞ്ഞു. അതേസമയം തന്നെ ക്യാപ്റ്റനാക്കാതെ ധോണിയെ ക്യാപ്റ്റനാക്കിയത് ധോണിയുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും യുവ്‌രാജ് പറയുന്നു. ദ്രാവിഡോ ഗാംഗുലിയോ ആര് ക്യാപ്‌റ്റനായാലും പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയെന്നതാണ് ഒരു യഥാര്‍ത്ഥ കളിക്കാരന്റെ കടമ. ഞാനും അത് ചെയ്തു.

അന്ന് സച്ചിന്‍,ഗാംഗുലി,ദ്രാവിഡ്,സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വിട്ടുനിന്നു. എന്നാൽ കിരീടം നേടിയതിന് ശേഷം വിട്ടുനിൽക്കാൻ തീരുമാനിച്ചത് അബദ്ധമായെന്ന് സഹീർ തന്നോട് പറഞ്ഞതായും യുവ്‌രാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :