WTC Final, India vs Australia: നാണക്കേടിന്റെ വക്കത്ത് ഇന്ത്യ, വമ്പന്‍ തോല്‍വിയിലേക്കോ? ഇനി രഹാനെ രക്ഷിക്കണം

71 പന്തില്‍ 29 റണ്‍സുമായി അജിങ്ക്യ രഹാനെയും 14 പന്തില്‍ അഞ്ച് റണ്‍സുമായി കെ.എസ്.ഭരതുമാണ് ഇപ്പോള്‍ ക്രീസില്‍

രേണുക വേണു| Last Modified വെള്ളി, 9 ജൂണ്‍ 2023 (08:24 IST)

WTC Final, India vs Australia: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നാണക്കേടിന്റെ വക്കത്ത് ടീം ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 469 ന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രം. ഓസീസിനേക്കാള്‍ 318 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. ഫോളോ-ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യക്ക് 270 റണ്‍സ് നേടണം. മൂന്നാം ദിനമായ ഇന്നത്തെ ആദ്യ സെഷന്‍ അതീവ നിര്‍ണായകമാണ്. ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയും ഫോളോ-ഓണ്‍ ചെയ്യിച്ച് ഇന്നിങ്‌സ് ജയം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയും പോരടിക്കുന്ന കാഴ്ചയ്ക്ക് ഇന്ന് ഓവല്‍ സാക്ഷ്യം വഹിക്കും.

71 പന്തില്‍ 29 റണ്‍സുമായി അജിങ്ക്യ രഹാനെയും 14 പന്തില്‍ അഞ്ച് റണ്‍സുമായി കെ.എസ്.ഭരതുമാണ് ഇപ്പോള്‍ ക്രീസില്‍. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇതില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജഡേജ 51 പന്തില്‍ നിന്ന് 48 റണ്‍സ് നേടി.

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ ലിന്‍ എന്നിവരെല്ലാം ഓസീസിന് വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി. 270 ന് മുന്‍പ് ഇന്ത്യയെ ഓള്‍ഔട്ടാക്കി വീണ്ടും ഇന്ത്യയെ ബാറ്റിങ്ങിനയക്കാനാകും ഓസ്‌ട്രേലിയയുടെ പദ്ധതി. ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുയോജ്യമാകുന്ന രീതിയില്‍ പിച്ച് മാറിയതും ഓസീസിന് ഗുണം ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :