പരിക്ക് തിന്നുന്ന കരിയർ, ഷെയ്ൻ ബോണ്ടിൻ്റെയും ആർച്ചറിൻ്റെയും വഴിയെ ബുമ്രയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (15:37 IST)
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബൗളർമാരുടെ കണക്കെടുക്കുമ്പോൾ ഒരു പക്ഷേ അതിൽ ഉൾപ്പെടാത്ത പേരുകളാകും ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ടിൻ്റെയും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെയും പേരുകൾ. വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള കഴിവുകൾ ഉണ്ടായിട്ടും പരിക്ക് കാരണം കരിയർ തകർന്ന താരങ്ങളുടെ ഈ പട്ടികയിലേക്ക് തൻ്റെ കൂടി പേരെഴുതി വെയ്ക്കുകയാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയും.

ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച പേസർമാരാകേണ്ടിയിരുന്ന ഈ താരങ്ങളുടെ എല്ലാം കരിയറിന് വില്ലനായത് തുടരെയുള്ള പരിക്കുകളായിരുന്നു. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബാറ്റർമാരെ തൻ്റെ പേസ് കൊണ്ട് വിസ്മയിപ്പിച്ച കിവീസ് താരം ഷെയ്ൻ ബോണ്ടിനെ പറ്റിയാണ്. ന്യൂസിലൻഡിന് വേണ്ടി 82 ഏകദിന മത്സരങ്ങളും 18 ടെസ്റ്റുകളും 20 ടി20കളും മാത്രമാണ് ഷെയ്ൻ ബോണ്ട് കളിച്ചത്. ഈ കാലയളവിൽ അന്ന് കളിച്ചിരുന്നവരിൽ ഏറ്റവും മികച്ച പേസർമാരിലൊരാൾ എന്ന വിശേഷണം ബോണ്ടിൻ്റെ പേരിലായിരുന്നു.

സമാനമാണ് ഇംഗ്ലണ്ട് പേസറായ ജോഫ്ര ആർച്ചറുടെ കാര്യവും ചുരുങ്ങിയ കാലം കൊണ്ട് മികച്ച പേസറെന്ന വിശേഷണം നേടിയ 19 ഏകദിനങ്ങളും 12 ടി20കളും 13 ടെസ്റ്റും മാത്രമെ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളു. ഷെയ്ൻ ബോണ്ടിനെ പോലെ തുടരെയുള്ള പരിക്കുകളാണ് ആർച്ചറുടെ കരിയറും തിന്ന് തീർത്തത്.

ഈ രണ്ട് താരങ്ങളേക്കാൾ കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിക്കാൻ പറ്റിയെങ്കിലും ഇതിഹാസ പേസർമാരായ ജവഗൽ ശ്രീനാഥിനെയോ സഹീർ ഖാനെയോ കപിൽ ദേവിനെയോ പോലെ നീണ്ട കരിയർ ഉണ്ടാക്കാൻ ബുമ്രയ്ക്കും വില്ലനാകുന്നത് തുടരെയുള്ള പരിക്കുകളാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസറാകാൻ കഴിവുള്ള താരമായ ബുമ്ര കഴിഞ്ഞ 7 മാസമായി പരിക്കിനെ തുടർന്ന് ചികിത്സയിലാണ്.

തുടരെയുള്ള പരിക്കുകൾ വെല്ലുവിളി സൃഷ്ടിക്കുമ്പോൾ ഷെയ്ൻ ബോണ്ടിനെ പോലെ പരിക്ക് തിന്ന് തീർത്ത കരിയറായി ബുമ്രയുടേത് മാറുമോ എന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 70 ഏകദിനങ്ങളും 57 ടി20കളും 30 ടെസ്റ്റുമാണ് ബുമ്ര ഇതുവരെയും കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 128 വിക്കറ്റും ഏകദിനത്തിൽ 119 വിക്കറ്റും ടി20യിൽ 67 വിക്കറ്റുമാണ് താരത്തിൻ്റെ പേരിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :