ഓസീസ് ഇതിഹാസതാരം മെഗ് ലാനിങ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (14:25 IST)
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഓസീസ് വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്. 31 വയസ്സിലാണ് താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയക്കായി 13 വര്‍ഷം ക്രിക്കറ്റ് ജേഴ്‌സിയണിഞ്ഞ താരം ഓസ്‌ട്രേലിയക്കായി 182 മത്സരങ്ങള്‍ കളിച്ചു. കരിയറില്‍ 241 മത്സരങ്ങളില്‍ കളിച്ച താരം വിമന്‍സ് ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെയും വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും താരമാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരം തുടരും. രാജ്യാന്തര കരിയറില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും കൃത്യമായ തീരുമാനമാണെന്ന് ലാനിങ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ടീമിനൊപ്പം നേടിയ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. കുടുംബത്തിനും ടീമംഗങ്ങള്‍ക്കും വിക്ടോറിയ ക്രിക്കറ്റിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

2010ല്‍ 18 വയസ്സില്‍ രാജ്യാന്ത്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മെഗ് ലാന്നിങ് 2014ലാണ് ഓസീസ് വനിതാ ടീം ക്യാപ്റ്റനാകുന്നത്.നാല് ടി20 ലോകകപ്പ് കിരീടങ്ങള്‍,ഒരു ഏകദിന ലോകകപ്പ്,കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ എന്നീ നേട്ടങ്ങള്‍ ലാനിങ്ങിന്റെ നായകത്വത്തിന് കീഴില്‍ ഓസീസ് നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :