അഭിറാം മനോഹർ|
Last Modified വെള്ളി, 26 നവംബര്‍ 2021 (20:35 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറെന്ന് വിശേഷിപ്പിക്കുന്ന താരമാണ് കപിൽ ദേവ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന് നേതൃത്വം നൽകിയ കപിൽ ദേവിന് കിടപിടിക്കുന്ന ഒരു ഓൾ റൗണ്ടറെ പിന്നീട് ഒരിക്കലും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇടക്കാലത്ത് ഇർഫാൻ പത്താൻ കപിലിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.
സമീപകാലത്തായി ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ട പേസ്
ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയാണ് എന്നാൽ പാണ്ഡ്യ ഇപ്പോൾ ബൗൾ ചെയ്യുന്നില്ല. ടി20 ലോകകപ്പിൽ പന്തെറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോളിതാ താരത്തെ ഓൾറൗണ്ടറെന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കപിൽ ദേവ്.
ഹാർദിക് ബൗൾ ചെയ്യാതെ ഇരിക്കുന്ന കാലത്തോളം അദ്ദേഹത്തെ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാനാവില്ല. അദ്ദേഹം നല്ല ബാറ്ററാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പന്തെറിയാത്ത അദ്ദേഹത്തെ എങ്ങനെ ഓൾ റൗണ്ടർ എന്ന് വിശേഷിപ്പിക്കാനാകും. പരിക്കിൽ നിന്ന് മോചിതനായി അദ്ദേഹം മികവോടെ പന്തെറിയട്ടെ അപ്പോൾ അദ്ദേഹത്തെ ഓൾ റൗണ്ടറെന്ന് വിളിക്കാം കപിൽ പറഞ്ഞു.