രേണുക വേണു|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (15:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത ടെസ്റ്റ് മത്സരമാണ് 2004 ല്‍ മുള്‍ട്ടാനില്‍ നടന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് മുള്‍ട്ടാനില്‍ ഏറ്റുമുട്ടിയത്. ആ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ നായകന്‍. പക്ഷേ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ദ്രാവിഡിനായിരുന്നു നായകന്റെ ചുമതല. ഗാംഗുലി പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് വലിയ വിവാദമായിരുന്നു. ഇന്ത്യ 675/5 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ദ്രാവിഡാണ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. മറിച്ച് ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന ഗാംഗുലിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ ദ്രാവിഡ് തീരുമാനിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
348 പന്തില്‍ പുറത്താകാതെ 194 റണ്‍സുമായി നില്‍ക്കുകയായിരുന്നു സച്ചിന്‍. ഇരട്ട സെഞ്ചുറി നേടാന്‍ ആറ് റണ്‍സ് മാത്രം അകലെ. വ്യക്തിഗത സ്‌കോര്‍ 150 റണ്‍സ് കഴിഞ്ഞപ്പോള്‍ സച്ചിന്‍ തന്റെ സ്‌കോറിങ്ങിന് വേഗം കൂട്ടിയിരുന്നു. എന്നിട്ടും ഇരട്ട സെഞ്ചുറി നേടാന്‍ അവസരം നല്‍കാതെ ദ്രാവിഡ് ഇന്ത്യന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് സച്ചിനെ മാനസികമായി വളരെ തളര്‍ത്തി. ഇക്കാര്യത്തില്‍ പിന്നീട് തനിക്ക് വലിയ വിഷമം തോന്നിയിട്ടുണ്ടെന്നും ദ്രാവിഡ് എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് തനിക്ക് അറിയില്ലെന്നും സച്ചിന്‍ പില്‍ക്കാലത്ത് തുറന്നുപറഞ്ഞിരുന്നു.