അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (14:24 IST)
അന്താരാഷ്ട്രെ ക്രിക്കറ്റിൽ ഒരുക്കാലത്തും ടി20 എന്ന ഫോർമാറ്റ് അജിങ്ക്യ രഹാനെയ്ക്ക് വഴങ്ങിയിരുന്നില്ല എന്നത് താരത്തിൻ്റെ ഇതുവരെയുള്ള ഐപിഎല്ലിലെ പ്രകടനങ്ങൾ കണ്ടവർക്കെല്ലാം അറിയുന്ന കാര്യമാണ്. പവർപ്ലേയിൽ മാത്രം റൺസടിക്കാൻ കഴിയുന്ന രഹാനെ ടി20യിൽ പല ടീമുകൾക്കും ബാധ്യതയായ താരമായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ സമയമെടുത്ത് ക്ലാസിക്കൽ ഷോട്ടുകളിലൂടെ റൺസ് ഉയർത്തുന്ന രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ഫോർമാറ്റിലെ നിർണായക സ്ഥാനമായിരുന്നു.
എന്നാൽ ഈ സമവാക്യങ്ങളെല്ലാം മാറുന്ന കാഴ്ചയാണ് 2023 ഐപിഎല്ലിൽ നമുക്ക് കാണാനാകുന്നത്. കളികാണുന്നവർ ഇത് രഹാനെ തന്നെയാണോ എന്ന് അത്ഭുതപ്പെട്ടാൽ ആരെയും കുറ്റം പറയാനാകില്ല. ഇതുവരെ താരത്തിൽ കണ്ടിട്ടില്ലാത്ത മൈൻഡ് സെറ്റ്. ആര് വന്നാലും റൺസടിച്ചിരിക്കും എന്ന നിശ്ചയ ദാർഡ്യം ഒപ്പം ക്ലാസിക്കൽ ഷോട്ടുകളുടെ ഒരു പൂരം തന്നെ രഹാനെ ഒരുക്കുന്നു. ഇതിനിടയിൽ അൺ ഓർത്തഡോക്സായ ഷോട്ടുകൾക്ക് ശ്രമിക്കാനും രഹാനെ സമയം കണ്ടെത്തുമ്പോൾ ഈ സീസണിൽ രാഹാനെയുടെ ചെന്നൈ ഐപിഎല്ലിലെ തന്നെ ഏറ്റവും അപകടകാരിയായ ടീമായി മാറുന്നു.
പവർപ്ലേ ഓവറുകൾക്ക് ശേഷം സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള രഹാനെയുടെ സാന്നിധ്യം ചെന്നൈയെ പെട്ടെന്ന് തന്നെ മറ്റ് ടീമുകൾക്ക് മുന്നിലെത്തിക്കുന്നു. ഒരു ക്ലാസിക്കൽ വണ്ടിയിൽ ഉയർന്ന പെർഫോർമനസുള്ള 2 എഞ്ചിൻ ഘടിപ്പിച്ച പോലെയാണ് രഹാനെയുടെ പ്രകടനമെന്ന് ആരാധകർ പറയുന്നു. ആ ഷോട്ടുകളെയും എലെഗെൻസിനെയും നമ്മൾ നോക്കിയിരുന്നുപോകും. അപ്പോഴേക്കും രാഹനെ കൂറ്റൻ റണ്മല താണ്ടിയിരിക്കും.