രേണുക വേണു|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (08:47 IST)
Pakistan Cricket Team: ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍-
യുഎഇ മത്സരം നടന്നത് അനിശ്ചിതത്വത്തിനൊടുവില്‍. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യമാണ് യുഎഇയ്‌ക്കെതിരായ മത്സരം ഒരു മണിക്കൂറോളം വൈകിപ്പിച്ചത്. ഒരു ഘട്ടത്തില്‍ മത്സരം റദ്ദാക്കേണ്ടിവരുമെന്ന അവസ്ഥ പോലുമുണ്ടായി.
പാക്കിസ്ഥാന്‍-യുഎഇ മത്സരം നിയന്ത്രിക്കാന്‍ പൈക്രോഫ്റ്റ് തന്നെയാണ് നിയോഗിക്കപ്പെട്ടത്. ഇന്ത്യക്കെതിരായ മത്സരത്തിനു ശേഷം പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും അദ്ദേഹത്തെ ഏഷ്യ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഐസിസി പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് യുഎഇയ്‌ക്കെതിരായ മത്സരത്തിനു പാക്കിസ്ഥാന്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്ക് എത്താന്‍ വൈകിയത്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി ഇടപെട്ടാണ് ഒടുവില്‍ പാക്കിസ്ഥാന്‍ ടീം ഹോട്ടലില്‍ നിന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തിയത്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ നവീദ് ചീമയും പാക് നായകന്‍ സല്‍മാന്‍ അഗയും ഇതിനിടെ ചര്‍ച്ച നടത്തി. ഹസ്തദാന വിവാദത്തില്‍ ഇന്ത്യക്കെതിരായ മത്സരം നിയന്ത്രിച്ച പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് പ്രസ്താവനയിറക്കി. സെപ്റ്റംബര്‍ 14 ലെ സംഭവം ആശയവിനിമയത്തിലെ പിഴവുമൂലം ഉണ്ടായതാണെന്ന് പൈക്രോഫ്റ്റ് പറയുകയും മാപ്പ് പറയുകയും ചെയ്‌തെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിലെ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതിനുശേഷമാണ് പാക്കിസ്ഥാന്‍ - യുഎഇ മത്സരം ആരംഭിച്ചത്.