അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (19:40 IST)
പാകിസ്ഥാനെതിരായ ഗ്രൂപ്പ് 12 മത്സരത്തിൽ അവിശ്വസനീയമായ വിജയം സ്വന്തമാക്കിയതോടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് സൂപ്പർ ബാറ്റർ വിരാട് കോലി. കളിയിൽ വിജയപ്രതീക്ഷ ഇല്ലാത്തയിടത്ത് നിന്നും ടീമിനെ വിജയതീരമടുപ്പിച്ചത് കോലിയുടെ പ്രകടനമായിരുന്നു. ചെയ്സിങ്
കിങ് എന്ന് കോലിയെ എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു എന്നതിൻ്റെ ഉത്തരം കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തിലെ പ്രകടനം.
ഇപ്പോഴിതാ എന്തുകൊണ്ട് കോലി ചെയ്സിങ്ങിൽ മികച്ച് നിൽക്കുന്നുവെന്നതിനെ പറ്റി പാക് മുൻ താരം ഷോയ്ബ് മാലിക് നടത്തിയ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്. നേട്ടങ്ങൾ വരുന്നത് അനുഭവങ്ങളിലൂടെയാണ്. ചേസ് ചെയ്യുമ്പോൾ ഒരു ബാറ്റർ എന്ന നിലയിൽ നമ്മൾ സമ്മർദ്ദത്തിലാണെങ്കിൽ എതിർ ടീമിൽ സമ്മർദ്ദത്തിലാണ് എന്നകാര്യം ഓർക്കണം.
എന്നുവെച്ചാൽ എതിർ ടീമിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഒരു ഘട്ടം വരെ കോലി അവരെ കൊണ്ടുപോകും എന്നതാണ്. പിന്നീടാണ് കോലി തൻ്റെ പ്ലാൻ നടപ്പാക്കുക. അതാണ് ഏറ്റവും മികച്ച ഭാഗം. പാകിസ്ഥാനെതിരെ അവസാന 3 ഓവറിൽ 48 റൺസാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഷഹീൻ അഫ്രീദിക്കെതിരെ 3 സിക്സും ഹാരിസ് റൗഫിനെതിരെ തുടരെ 2 സിക്സും നേടിയാണ് കോലി ഇന്ത്യയ്ക്ക് ആധിപത്യം നേടികൊടുത്തത്.
അവസാന ഓവറിൽ നവാസിനെതിരെയും കോലി സിക്സ് നേടി. സമ്മർദ്ദത്തിൽ തകരാതെ കോലി തൻ്റെ ഗെയിമിൽ വിശ്വാസമർപ്പിച്ചാണ് കളിക്കുന്നത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള മികവും ഗ്യാപ് കണ്ടെത്തി ആവശ്യമുള്ളപ്പോൾ ബൗണ്ടറി നേടാനുള്ള കഴിവും ചെയ്സ് ചെയ്യുമ്പോൾ കോലിക്ക് മേൽക്കൈ നൽകുന്നു. മാലിക് പറഞ്ഞു.