ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (14:56 IST)
എം എസ് ധോണി വിരമിക്കാറായില്ലേ? എന്താണ് തീരുമാനം? കേട്ട് കേട്ട് മടുത്ത ചോദ്യമാണിത്. ലോകകപ്പ് തോൽവിക്ക് ശേഷം ക്രിക്കറ്റ് ലോകത്തുള്ളവർ ഇതിന്റെ ഉത്തരം അറിയാനുള്ള ആകാംഷയിലാണ്. എന്നാൽ, ധോണി വിരോധികൾക്ക് വീണ് കിട്ടിയ അവസരമായതിനാൽ ധോണിയെ ലിസ്റ്റിൽ നിന്ന് തന്നെ ഒഴിവാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇനിയൊരു കളി പോലും ഇല്ലാതെ ധോണിയെ കൊണ്ട് വിരമിക്കൽ വാർത്ത അറിയിക്കുക എന്നതാണ് ഇക്കൂട്ടരുടെ മെയിൻ വിഷയം.
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ ധോണി ഇനി കളിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നു കേൾക്കാനും തുടങ്ങി. വിരോധികൾ എത്രയൊക്കെ കടന്നാക്രമിച്ചാലും ധോണി തിരിച്ച് വരിക തന്നെ ചെയ്യും. കാരണം, സോഷ്യൽ മീഡിയ ആക്രമണം ഒരുപേട് കേട്ടതാണ് ധോണി.
ധോണി വിരമിച്ചേ അടങ്ങൂ എന്നൊരു നിർബന്ധം ഉള്ളത് പോലെയാണ് പലരുടെയും പെരുമാറ്റവും അഭിപ്രായങ്ങളും. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ നട്ടെല്ലായ, ഇപ്പോഴും ആ സ്ഥാനത്ത് ഒരു ഇളക്കവുമില്ലാതെയിരിക്കുന്ന ധോണിയെ അത്ര പെട്ടന്നൊന്നും തകർക്കാൻ ആർക്കും കഴിയില്ല.
ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാതെയായിരുന്നു ഈ വിഷയത്തിൽ പരിശീലകൻ രവി ശാസ്ത്രിയും ദാദയും പ്രതികരണം അറിയിച്ചത്. ധോണി വിരമിക്കൽ പാതയിലാണെന്ന് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ, അത് ഉടൻ തന്നെ വേണമെന്ന വിമർശകരുടെ വാശി പിടിക്കൽ എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.
മാന്യമായി വിരമിക്കാനുള്ള അവകാശം ധോണിക്കുണ്ടെന്നാണ് ബിസിസിഐയും പറയുന്നത്. ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോനി ഇനി ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലും ധോനി കളിക്കുന്നില്ല. എന്നിരുന്നാലും ധോണിക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ.