രവിശാസ്ത്രിയാണ് അതിന് പ്രചോദനം: ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറാകാൻ പറഞ്ഞാൽ അതും ചെയ്യും

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 25 ജനുവരി 2021 (12:51 IST)
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് ഗംഭീര അരങ്ങേറ്റമാണ് വഷിങ്ടൺ സുന്ദർ നടത്തിയത്. ആദ്യ ടെസ്റ്റിൽ തന്നെ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. പിന്നീട് ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ വാലറ്റത്ത് ശർദ്ദുൽ ഠാക്കുറിനൊപ്പം ചേർന്ന് പൊരുതി. ഏറ്റവും കുറഞ്ഞ ലീഡ് വഴങ്ങുന്ന നിലയിലേയ്ക്ക് ഇന്ത്യയെ എത്തിച്ചു. ആദ്യ ടെസ്റ്റിൽ തന്നെ അർധ സെഞ്ചറി നേടിയാണ് താരം ടീം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്. 62 റൺസാണ് സുന്ദർ നേടിയത്. ഗാബ്ബയിൽ ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയപ്പോൾ റിഷഭ് പന്തിന് മികച്ച പിന്തുണ നൽകിയ സുന്ദറിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനം ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം ആരംഭികാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും താരത്തിന് ഇടം നൽകി. ടെസ്റ്റിൽ ഓപ്പണറാകാൻ പറഞ്ഞാൽ ആ ഉത്തരവാദിത്തവും ഏറ്റെടുക്കും എന്ന് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് താരം ഇപ്പോൾ. രവി ശാസ്ത്രിയുടെ കാലത്ത് അദ്ദേഹം ഏറ്റെടുത്തതുപോലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ തായ്യാറാണ് എന്നാണ് തുറന്നുപറഞ്ഞിരിയ്ക്കുന്നത്. 'ടെസ്റ്റിൽ ഓപ്പൺ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടാൽ അത് വലിയ അനുഗ്രഹമായി ഞാൻ കാണും. ഇപ്പോഴത്തെ കോച്ച് രവി ശാസ്ത്രി കളിച്ചിരുന്ന കാലത്ത് ഏറ്റെടുത്തിരുന്നത് പോലെ ഞാനും ആ വെല്ലുവിളി ഏറ്റെടുക്കും.

ഏറെ പ്രചോദനം നൽകുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങൾ രവി സാർ ഞങ്ങളോട് പറയാറുണ്ട്, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായാണ് അദ്ദേഹം അരങ്ങേറിയത്, ന്യൂസിലാന്‍ഡിനെതിരായ കന്നി മല്‍സരത്തില്‍ നാലു വിക്കറ്റുകളും വീഴ്ത്തി. അന്ന് അദ്ദേഹം പത്താനമായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. അവിടെ നിന്ന് ടെസ്റ്റില്‍ അദ്ദേഹം ഓപ്പണറായി മാറി. ആ കഥകൾ എല്ലാം അദ്ദേഹം ഞങ്ങ‌ളോട് പറയാറുണ്ട്. അദ്ദേഹത്തെപ്പോലെ ടെസ്റ്റില്‍ ഓപ്പണറായി കളിക്കാന്‍ ഞാനും ഇഷ്ടപ്പെടുന്നു.' സുന്ദര്‍ പറഞ്ഞു..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :