അഭിറാം മനോഹർ|
Last Modified വെള്ളി, 3 ഡിസംബര്‍ 2021 (20:13 IST)
കാൺപൂർ ടെസ്റ്റിൽ കളിച്ച മൂന്ന് താരങ്ങളില്ലാതെയാണ് മുംബൈയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പരിക്കിനെ തുടർന്ന് അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ,ഇശാന്ത് ശർമ എന്നിവരാണ് ടീമിൽ നിന്നും പുറത്തായത്. എന്നാൽ മത്സരത്തിന്റെ തൊട്ട് മുൻപ് മാത്രമാണ് കളിക്കാരുടെ പരിക്കിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോളിതാ ഈ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ വിവിഎസ് ലക്ഷ്‌മണ്‍.
ഇന്ന് രാവിലെയാണോ എന്തെങ്കിലും സംഭവിച്ചത്. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലി ഒന്നും പറഞ്ഞിരുന്നില്ല. പ്രത്യക്ഷത്തില്‍ പരിക്ക് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ട് പരമ്പരയിൽ ജഡേജയ്ക്ക് പകരമെത്തിയ അക്‌സർ പട്ടേലും ന്യൂസിലൻഡ് പരമ്പരയിൽ കോലിക്ക് പകരമെത്തിയ ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു.അതിനാല്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പകരക്കാരാകാന്‍ കഴിയുന്നവര്‍ ടീം ഇന്ത്യക്കുണ്ട്. വിവിഎസ് ലക്ഷ്‌മൺ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ജയന്ത് യാദവും മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലെത്തി. ആദ്യ ടെസ്റ്റിൽ നിന്നും മാറി നിന്ന നായകൻ വിരാട് കോലിയും ടീമിൽ തിരിച്ചെത്തി.