രേണുക വേണു|
Last Modified തിങ്കള്‍, 28 ഒക്ടോബര്‍ 2024 (15:47 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക വി.വി.എസ് ലക്ഷ്മണ്. നവംബര്‍ എട്ടിനു ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലക കുപ്പായത്തില്‍ ലക്ഷ്മണും ഉണ്ടാകും. മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ല.
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയുള്ളതിനാലാണ് ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകാത്തത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീര്‍ നവംബര്‍ 11 നു ഓസ്ട്രേലിയയിലേക്കു തിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സംഘം നവംബര്‍ മൂന്നിനാണ് തിരിക്കുക. ഗംഭീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മുഖ്യ പരിശീലക സംഘം ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ വി.വി.എസ് ലക്ഷ്മണെ സഹായിക്കാന്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ സ്റ്റാഫുകളും പരിശീലകരുമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുക.
നവംബര്‍ 8, 10, 13, 15 തിയതികളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം പിടിച്ചിട്ടുണ്ട്.