അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (12:41 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ മെന്ററായിരുന്ന കാലത്ത് ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗുമായുണ്ടായിരുന്ന തന്റെ ബന്ധത്തെ പറ്റി ഗുരുതരമായ വെളിപ്പെടുത്തലുകളുമയി ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. സെവാഗ് മെന്ററായിരുന്ന താരം തന്നെ ഏറെ പ്രയാസപ്പെടുത്തിയിരുന്നെന്നും ഒരിക്കല്‍ ഏറെ ആരാധിച്ചിരുന്ന താരം തന്റെ ജീവിതത്തില്‍ ഏറ്റവും മോശം വ്യക്തികളിലൊരാളായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും മാക്‌സ്വെല്‍ പറയുന്നു. തന്റെ പുസ്തകമായ ഷോമാനിലാണ് പഞ്ചാബ് കിംഗ്‌സില്‍ സെവാഗുമായുള്ള അനുഭവങ്ങളെ പറ്റി മാക്‌സ്വെല്‍ പറയുന്നത്.
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സെവാഗ് തന്നൊട് പഞ്ചാബ് കിംഗ്‌സ് നായകനാവാന്‍ പറയുന്നതെന്ന് പുസ്തകത്തില്‍ മാക്‌സ്വെല്‍ പറയുന്നു. പഞ്ചാബില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളതിനാല്‍ സെവാഗുമായി മികച്ച ധാരണയുണ്ടാകുമെന്നാണ് കരുതിയത്.
എന്നാല്‍ മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാന്‍ എനിക്കായില്ല. ഈ സാഹചര്യത്തില്‍ പിന്തുണ നല്‍കേണ്ടയിടത്ത് നിന്ന് എന്നെ കുറ്റപ്പെടുത്തുകയാണ് സെവാഗ് ചെയ്തത്. സീസണിലെ അവസാന മത്സരത്തില്‍ പഞ്ചാബ് 73 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ കുറ്റവും സെവാഗ് എന്റെ മേത്തിട്ടു. ടീമിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.
പരസ്യമായി എന്നെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തിയത് എന്നെ വേദനിപ്പിച്ചു. ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ബോയ് ആണ്. എന്നാല്‍ നിങ്ങളോടുള്ള മതിപ്പ് എനിക്ക് നഷ്ടമായെന്ന് സെവാഗിനോട് പറയേണ്ടി വന്നു. നിന്നെ പോലെ ഒരു ഫാന്‍ ബോയിയെ തനിക്ക് വേണ്ടെന്നാണ് സെവാഗ് പറഞ്ഞത്. തന്നെ ടീമില്‍ നിലനിര്‍ത്തരുതെന്ന് സെവാഗ് പഞ്ചാബ് ഉടമകളെ അറിയിച്ചിരുന്നുവെന്നും മാക്‌സ്വെല്‍ പുസ്തകത്തില്‍ പറഞ്ഞു.