അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഫെബ്രുവരി 2020 (12:29 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഫോമിലേക്കുയരാനാവാതെ പോയ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. കോലി കൂടുതൽ അച്ചടക്കവും ക്ഷമയും കാണിക്കണമെന്നാണ് ലക്ഷ്മൺ പറയുന്നത്. ഇന്ത്യയുടെ
റൺ മെഷീൻ എന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യൻ നായകന് കഴിഞ്ഞ 20 ഇന്നിങ്സുകളിൽ നിന്നായി ഒരൊറ്റ സെഞ്ച്വറി കൂടി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ പ്രതികരണം.
കളിയിൽ കോലി കൂടുതൽ ക്ഷമയും അച്ചടക്കവും കാണിക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മികച്ച പന്തുകളെ ബഹുമാനിക്കണം. ഇന്നിങ്ങ്സിന്റെ തുടക്കത്തിൽ കാണിക്കുന്ന ക്ഷമ പിന്നീട് കോലിക്ക് നഷ്ടപ്പെടുന്നു.സ്റ്റമ്പിന് നേര്‍ക്ക് പന്തെറിയുമ്പോള്‍ റണ്‍സ് കണ്ടെത്തുന്നു. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കോലിയുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കിവീസ് ബൗളർമാർ കോലിക്ക് റൺസ് കണ്ടെത്തുവാനുള്ള യാതൊരു അവസരവും നൽകിയില്ല. ന്യൂസിലൻഡുമായുള്ള ടെസ്റ്റിന് ശേഷം ലക്ഷ്മൺ വ്യക്തമാക്കി.
രണ്ടാം ഇന്നിങ്സിൽ പൂജാര പുറത്തായതിന് ശേഷം ക്രീസിലെത്തിയ കോലി കിവീസ് ബൗളര്‍മാരുടെ ഫുള്‍ ലെങ്ത് പന്തുകള്‍ നേരിട്ടപ്പോള്‍തന്നെ സമ്മർദ്ദത്തിലായിരുന്നു. പിന്നാലെ ട്രെന്റ് ബൗള്‍ട്ടിന്റെ ഷോര്‍ട്ട് പിച്ച് പന്തിലാണ് ഇന്ത്യൻ നായകന്റെ വിക്കറ്റ് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ കെയ്‌ൽ ജാമിസണാണ് കോലിയുടെ വിക്കറ്റെടുത്തത്.