ന്യൂസിലൻഡിൽ ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ നായകൻ വിരാട് കോലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (18:08 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റ് ടീമുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ടീം ഇപ്പോൾ ഉള്ളത്. ന്യൂസിലൻഡിനെതിരെയുള്ള കൂടി വിജയിക്കുകയാണെങ്കിൽ ഇന്ത്യ വളരെ അനായാസമായി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് എത്തിച്ചേരും. അതിനാൽ തന്നെ ന്യൂസിലൻഡിലെ പരമ്പര വിജയം ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നതിൽ ഇന്ത്യക്ക് നിർണായകവുമാണ്.

പക്ഷേ നിലവിൽ രണ്ട് തവണ മാത്രമെ ന്യൂസിലൻഡിൽ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുള്ളു എന്ന വെല്ലുവിളി ഇന്ത്യക്ക് മുന്നിലുണ്ട്. ഇതിനുമുൻപ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും എം എസ് ധോണിയുടെയും നായകത്വത്തിന് കീഴിൽ മാത്രമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര ഇതിനുമുൻപിൽ സ്വന്തമാക്കിയിട്ടുള്ളത്. പട്ടൗഡി 1968ലും ധോണി 2009ലുമാണ് പരമ്പര നേടിയത്. അതുകൊണ്ട് തന്നെ കിവികൾക്കെതിരെ പരമ്പര സ്വന്തമാക്കാനായാൽ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കുന്ന മൂന്നാത്തെ മാത്രം ഇന്ത്യൻ നായകൻ എന്ന നേട്ടം വിരാട് കോലിക്ക് സ്വന്തമാകും.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കളിച്ച ഏഴ് മത്സരങ്ങളിൽ വിന്‍ഡീസ്(2-0), ദക്ഷിണാഫ്രിക്ക(3-0), ബംഗ്ലാദേശ്(2-0) എന്നിങ്ങനെ ടീമുകളെ പൂർണമായും തോൽപ്പിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പരകൾ സ്വന്തമാക്കിയിട്ടുള്ളത്.

നിലവിൽ 360 പോയിന്റുകളുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതും 296 പോയിന്റുകളുമായി രണ്ടാമതുമാണുള്ളത്. എന്നാൽ ശക്തരായ കിവികൾക്കെതിരെയുള്ള പരമ്പര ഇന്ത്യക്ക് നഷ്ടപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകളെ അത് സാരമായി ബാധിക്കും. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളോട് എവേ മത്സരങ്ങളും ഇംഗ്ലണ്ടിനോട് ഹോം പരമ്പരയുമാണ് ടീം ഇന്ത്യക്ക് ഇനി ബാക്കിയുള്ളത് എന്നതിനാൽ ഈ പരമ്പരയിലെ വിജയം ഇന്ത്യയുടെ ലോക ചാമ്പ്യൻഷിപ്പ് നേട്ടത്തിന് നിർണായകമാണ്. ഫെബ്രുവരി 21നാണ് ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :