Vishnu Vinod: 'ഈ പയ്യന്‍ കൊള്ളാം'; പത്തനംത്തിട്ടയുടെ അഭിമാനമായി വിഷ്ണു, എടുത്തിട്ട് ചാമ്പിയത് സാക്ഷാല്‍ ഷമിയെ!

വിഷ്ണു കേരളത്തില്‍ നിന്നാണെന്ന് ഗവാസ്‌കര്‍ അറിയാതിരിക്കുകയാണ് നല്ലതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (08:57 IST)

Vishnu Vinod: ഐപിഎല്ലില്‍ തന്റെ വരവറിയിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കിടിലന്‍ ഇന്നിങ്സാണ് പത്തനംത്തിട്ട സ്വദേശിയായ വിഷ്ണു വിനോദ് കളിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു 20 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയാണ് പുറത്തായത്. നേരത്തെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി വിഷ്ണു ഇംപാക്ട് പ്ലെയറായി കളിക്കാന്‍ ഇറങ്ങിയിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അന്ന് കിടിലന്‍ ക്യാച്ചിലൂടെയാണ് വിഷ്ണു തന്റെ പ്രതിഭ തെളിയിച്ചത്.

ഗുജറാത്തിനെതിരായ മത്സരത്തില്‍ അഞ്ചാമനായാണ് വിഷ്ണു ബാറ്റ് ചെയ്യാനെത്തിയത്. രണ്ട് വീതം ഫോറുകളും സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. ഗുജറാത്തിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ വിഷ്ണു സിക്സര്‍ പറത്തുന്നത് കണ്ട് കമന്റേറ്റര്‍മാര്‍ വരെ അതിശയിച്ചു. കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ ' ഈ പയ്യന്‍ എവിടെ നിന്നാണ്' എന്ന ചോദ്യമാണ് ആ സിക്സിന് പിന്നാലെ ഉന്നയിച്ചത്. ഗവാസ്‌കര്‍ അടക്കമുള്ളവര്‍ ആ ഷോട്ടില്‍ അത്രയും അതിശയിച്ചു പോയിരുന്നു. കവര്‍ ഏരിയയ്ക്ക് മുകളിലൂടെയുള്ള വിഷ്ണുവിന്റെ ഷോട്ട് മലയാളി ആരാധകരെയും ഞെട്ടിച്ചു. ഈ സിക്സറിനു മുന്‍പ് മറ്റൊരു ബൗണ്ടറിയും വിഷ്ണു ഷമിക്കെതിരെ നേടിയിരുന്നു.

ഇന്നത്തെ ഇന്നിങ്സിലൂടെ തനിക്ക് ട്വന്റി 20 ക്രിക്കറ്റില്‍ ഭാവിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വിഷ്ണു വിനോദ്. നിരവധി മികച്ച താരങ്ങളെ കണ്ടെത്തിയ മുംബൈ ഇന്ത്യന്‍സ് കേരളത്തില്‍ നിന്ന് വിഷ്ണു വിനോദിനെ കണ്ടെത്തിയതിന് ആരാധകര്‍ മുംബൈ മാനേജ്മെന്റിന് നന്ദിയും പറയുന്നു.

അതേസമയം, വിഷ്ണു കേരളത്തില്‍ നിന്നാണെന്ന് ഗവാസ്‌കര്‍ അറിയാതിരിക്കുകയാണ് നല്ലതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. പൊതുവെ മലയാളി താരങ്ങളോട് താല്‍പര്യക്കുറവുള്ള വ്യക്തിയാണ് ഗവാസ്‌കര്‍. സഞ്ജു സാംസണിനെതിരെ സംസാരിച്ച് പലപ്പോഴും ഗവാസ്‌കര്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വിഷ്ണു മലയാളി ആണെന്ന് അറിഞ്ഞാല്‍ ഇപ്പോള്‍ നല്ലത് പറഞ്ഞ ഗവാസ്‌കര്‍ അഭിപ്രായം മാറ്റുമെന്നാണ് മലയാളി ആരാധകരുടെ കമന്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :