Rashid Khan: സൂര്യകുമാറിന്റെ സെഞ്ചുറിയേക്കാള്‍ ത്രില്ലിങ് ആയത് റാഷിദിന്റെ ഒറ്റയാള്‍ പോരാട്ടം തന്നെ; പുകഴ്ത്തി സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (08:45 IST)

Rashid Khan: ബോളുകൊണ്ട് മാത്രമല്ല ബാറ്റിങ്ങിലും താനൊരു വിനാശകാരിയാണെന്ന് തെളിയിക്കുകയാണ് റാഷിദ് ഖാന്‍. അത്ര കിടിലന്‍ ഇന്നിങ്‌സാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് റാഷിദ് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചത്. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ആരെയും കൂസാതെ ഒരു ഒറ്റയാള്‍ പോരാട്ടം. ഗുജറാത്തിന്റെ തോല്‍വിയുടെ കാഠിന്യം കുറയ്ക്കാന്‍ ഈ ഇന്നിങ്‌സുകൊണ്ട് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 27 റണ്‍സിന്റെ തോല്‍വിയാണ് ഗുജറാത്ത് വഴങ്ങിയത്. ഒരു ഘട്ടത്തില്‍ ഗുജറാത്ത് 103-8 എന്ന നിലയില്‍ തകര്‍ന്നതാണ്. ഒരുപക്ഷേ 100 റണ്‍സിന്റെ കൂറ്റന്‍ വിജയം മുംബൈ സ്വന്തമാക്കിയേക്കും എന്ന ഘട്ടം വരെ എത്തി. അവിടെ നിന്നാണ് ഗുജറാത്ത് ഞെട്ടിക്കാന്‍ തുടങ്ങിയത്. റാഷിദ് ഖാന്‍ പത്ത് സിക്സും മൂന്ന് ഫോറും അടക്കം വെറും 32 പന്തില്‍ 79 റണ്‍സ് !

നേരത്തെ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി ഇന്നിങ്‌സാണ് മുംബൈ ഇന്ത്യന്‍സിന് 218 എന്ന വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ സൂര്യയുടെ സെഞ്ചുറി ഇന്നിങ്‌സിനേക്കാള്‍ ആരാധകരെ ത്രില്ലടിപ്പിച്ച ഇന്നിങ്‌സ് റാഷിദിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഒരു ഘട്ടത്തില്‍ റാഷിദ് ഗുജറാത്തിനെ ജയിപ്പിക്കുമോ എന്ന് പോലും സംശയമുണ്ടായി. ആരെയും കൂസാതെയുള്ള സ്‌ട്രോക്കുകളായിരുന്നു റാഷിദിനെ വേറിട്ട് നിര്‍ത്തിയത്.

210.20 സ്‌ട്രൈക്ക് റേറ്റില്‍ 49 പന്തില്‍ നിന്നാണ് സൂര്യ 103 റണ്‍സ് നേടി പുറത്താകാതെ നിന്നതെങ്കില്‍ റാഷിദ് 246.88 സ്‌ട്രൈക്ക് റേറ്റിലാണ് 79 റണ്‍സ് നേടിയത്. ആകെ നേരിട്ട 32 പന്തില്‍ 13 പന്തുകളും ബൗണ്ടറി കടത്തി. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. റാഷിദിനൊപ്പം മറ്റാരെങ്കിലും ഇതിന്റെ പകുതി പ്രഹരശേഷിയില്‍ ആ സമയത്ത് ബാറ്റ് ചെയ്ത് പിന്തുണ കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഗുജറാത്ത് കളി ജയിക്കുമായിരുന്നു എന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :