തേര്‍ഡ് അംപയര്‍ കണ്ണുപൊട്ടനാണോ? നിതിന്‍ മേനോന്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മോശം അംപയര്‍; വിരാട് കോലിയുടെ വിക്കറ്റ് വിവാദത്തില്‍, അത് ഔട്ടല്ലെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ഡിആര്‍എസില്‍ പന്ത് വിരാട് കോലിയുടെ ബാറ്റിലും പാഡിലുമാണ് കൊള്ളുന്നതെന്ന് വ്യക്തമായി കാണാം

രേണുക വേണു| Last Modified ശനി, 18 ഫെബ്രുവരി 2023 (15:48 IST)

ഡല്‍ഹി ടെസ്റ്റില്‍ വിരാട് കോലിയുടെ വിക്കറ്റ് വിവാദത്തില്‍. വ്യക്തിഗത സ്‌കോര്‍ 44 ല്‍ നില്‍ക്കുമ്പോള്‍ ആണ് ഓസീസ് സ്പിന്നര്‍ മാത്യു കുനെമാനിന്റെ പന്തില്‍ കോലി പുറത്തായത്. കുനെമാനിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിക്കെതിരെ ഓസ്‌ട്രേലിയ എല്‍ബിഡബ്‌ള്യു അപ്പീല്‍ ചെയ്തു. അമ്പയറായ നിതിന്‍ മേനോന്‍ ഔട്ട് വിധിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ കോലി അംപയറുടെ തീരുമാനം റിവ്യു ചെയ്തു. ബോള്‍ തന്റെ ബാറ്റിലാണ് ആദ്യം തട്ടിയതെന്നാണ് റിവ്യു ചെയ്തുകൊണ്ട് കോലി വാദിച്ചത്.
ഡിആര്‍എസില്‍ പന്ത് വിരാട് കോലിയുടെ ബാറ്റിലും പാഡിലുമാണ് കൊള്ളുന്നതെന്ന് വ്യക്തമായി കാണാം. എന്നാല്‍ പന്ത് ആദ്യം ബാറ്റിലാണോ പാഡിലാണോ എന്നത് വ്യക്തമായിരുന്നില്ല. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പന്ത് ബാറ്റിലാണ് കൊണ്ടിരിക്കുന്നതെന്ന് കോലിയും ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ളവരും വാദിക്കുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. പാഡിലാണ് ആദ്യം പന്ത് തട്ടിയതെന്ന തീരുമാനമാണ് മൂന്നാം അംപയര്‍ കൈക്കൊണ്ടത്.
ദൃശ്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ബാറ്റര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മൂന്നാം അംപയര്‍ക്ക് സാധിക്കും. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തിനു അനുകൂലമായാണ് തേര്‍ഡ് അംപയറായ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്ത് നിലപാടെടുത്തത്. ബോള്‍ ട്രാക്കിങ് നോക്കിയപ്പോള്‍ പന്ത് ലെഗ് സ്റ്റംപിന്റെ വശത്ത് തട്ടുന്നതായി വ്യക്തമായി. ഉടന്‍ തന്നെ ഓണ്‍ ഫീല്‍ഡ് അംപയറായ നിതിന്‍ മേനോന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാമെന്ന് തേര്‍ഡ് അംപയര്‍ നിര്‍ദേശം നല്‍കി. അതൃപ്തി പ്രകടമാക്കി കോലി കളം വിടുകയും ചെയ്തു. ഡ്രസിങ് റൂമിലെത്തിയിട്ടും കോലി തന്റെ അതൃപ്തി പലവട്ടം പ്രകടിപ്പിച്ചു.

തേര്‍ഡ് അംപയര്‍ക്കെതിരെയും ഓണ്‍ ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോനെതിരെയും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കോലിയെ ഇത്തരത്തില്‍ നിതിന്‍ മേനോന്‍ മുന്‍പും പുറത്താക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :