രേണുക വേണു|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (12:56 IST)
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു വിരാട് കോലി. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഗാംഗുലിയുടെ അനിഷ്ടത്തിനു പാത്രമായതോടെയാണ് വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്നാണ് വിവരം.
ട്വന്റി 20 നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള കോലിയുടെ തീരുമാനം ഗാംഗുലിയെ ഞെട്ടിച്ചു. കോലി ഉടന്‍ രാജിവയ്‌ക്കേണ്ട എന്ന നിലപാടായിരുന്നു ഗാംഗുലിക്ക്. ട്വന്റി 20 ലോകകപ്പിന് തൊട്ടുമുന്‍പാണ് ലോകകപ്പിന് ശേഷം താന്‍ ട്വന്റി 20 നായകസ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചത്. ഇതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്.
ട്വന്റി 20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ഇപ്പോള്‍ എടുക്കരുതെന്ന് അന്ന് ഗാംഗുലി കോലിയോട് പറഞ്ഞിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം മതി പ്രഖ്യാപനം എന്നായിരുന്നു ഗാംഗുലിയുടെ നിലപാട്. സ്ഥാനമൊഴിയരുതെന്നു താന്‍ കോലിയോടു ആവശ്യപ്പെട്ടിരുന്നെന്നും പക്ഷേ അനുസരിച്ചില്ലെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
കോലി ഏകപക്ഷീയമായി തീരുമാനമെടുത്തത് ഗാംഗുലിയെ പ്രകോപിപ്പിച്ചു. ടീമിന്റെ ആത്മവീര്യം നശിപ്പിക്കുന്ന തീരുമാനമായിരുന്നു അതെന്ന് ബിസിസിഐ ഉന്നതര്‍ തന്നെ കുറ്റപ്പെടുത്തി. ബോര്‍ഡുമായി ആലോചിക്കാതെ ഇതുപോലൊരു തീരുമാനം എടുത്തതു ബിസിസിഐ ഉന്നതരെ പ്രകോപിതരാക്കി. തന്റെ നിര്‍ദേശം തള്ളിക്കളഞ്ഞതു ഗാംഗുലിയേയും അസ്വസ്ഥനാക്കി.