ബിസിസിഐയ്ക്കും കോലിക്കും ഇടയില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്; അടിമുടി ദുരൂഹത

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (20:06 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായുള്ള വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആര് മറുപടി നല്‍കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. ബിസിസിഐയും കോലിയും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് കോലിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ പറയുന്നു.

ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞത് ആരും തന്നോട് ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ്.

' ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് പറഞ്ഞപ്പോള്‍ വളരെ നല്ല രീതിയിലാണ് ബിസിസിഐ ആ തീരുമാനത്തെ കണ്ടത്. അതിനെ കുറിച്ച് പിന്നീട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അതേസമയം ഏകദിന, ടെസ്റ്റ് നായകസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നതായും ഞാന്‍ ബിസിസിഐയോട് വ്യക്തമാക്കിയിരിന്നു. ബിസിസിഐയുമായുള്ള എന്റെ ഇടപെടലെല്ലാം വളരെ ക്ലിയര്‍ ആയിരുന്നു. ബിസിസിഐ അധികൃതര്‍ക്കും സെലക്ടര്‍മാര്‍ക്കും ഞാന്‍ മറ്റ് ഫോര്‍മാറ്റുകളില്‍ നായകസ്ഥാനത്ത് തുടരുന്നതില്‍ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു,' കോലി പറഞ്ഞു.

ഗാംഗുലി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ് കോലി പറഞ്ഞ കാര്യങ്ങള്‍. ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായി കോലിയോട് ആവശ്യപ്പെട്ടതാണെന്ന് ഗാംഗുലി പറയുമ്പോള്‍ ആരും തന്നോട് അങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നാണ് കോലി പറയുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ വിശ്വസിക്കണോ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയെ വിശ്വസിക്കണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :