ന്യൂഡൽഹി|
സജിത്ത്|
Last Modified ഞായര്‍, 3 ഡിസംബര്‍ 2017 (11:38 IST)
കോഹ്‌ലിയ്ക്ക് മുന്നില്‍ ക്രിക്കറ്റിലെ ബാറ്റിങ്ങ് ലോക റെക്കോര്‍ഡുകള്‍ ഓരോന്നായി വഴി മാറുന്നു. ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഞായറാഴ്ച കോഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം ഇരട്ട സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും കോഹ്‍ലി സ്വന്തമാക്കി.
നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളുമായി ബ്രയാൻ ലാറയോടൊപ്പമായിരുന്നു കോഹ്‍ലി. ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ അദ്ദേഹം ലാറയെയും മറികടന്നു. ടെസ്റ്റ് കരിയറില്‍ 5000 റണ്‍സ് തികച്ച കോഹ്‌ലി ഇന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ നായകനെന്ന് റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.
50 ഇന്നിംഗ്‌സുകളില്‍ നിന്നായി 3000 റണ്‍സ് തികച്ച കോഹ്‌ലി, 58 ഇന്നിംഗ്‌സില്‍ നിന്ന് 3000 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറെയാണ് പിന്നിലാക്കിയത്. 82 ഇന്നിംഗ്‌സുകളില്‍നിന്നായി 3000 റണ്‍സ് തികച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ മൂന്നാമന്‍. അതേസമയം ടെസ്റ്റ് നായകനെന്ന നിലയില്‍ വെറും 37 ഇന്നിംഗ്‌സുകളില്‍നിന്ന് 3000 റണ്‍സ് തികച്ച ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമന്‍.