രോഹിത് മികച്ച രീതിയിലാണ് കളിക്കുന്നത്, താരത്തിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂണ്‍ 2023 (21:45 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഫോമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം വിരാട് കോലി. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രോഹിത്തിനെതിരെ വിമര്‍ശനം ശക്തമായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്താണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ ഫോമിലില്ലാത്ത രോഹിത് ഓപ്പണറായെത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് രോഹിത്തിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഇതിനെതിരെയാണ് കോലി ആഞ്ഞടിച്ചത്.

രോഹിത് ശര്‍മ എത്ര മികച്ച പ്രതിഭയാണെന്ന കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും തനിക്ക് മികച്ച പ്രകടനങ്ങള്‍ നടത്താനാകുമെന്ന് രോഹിത് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണിങ്ങ് എന്നത് വളരെ വെല്ലുവിളിയേറിയ പൊസിഷനാണ് എന്നാല്‍ അവിടെയും മികച്ച രീതിയില്‍ രോഹിത് കളിക്കുന്നു. നോണ്‍ സ്‌െ്രെടക്കര്‍ എന്‍ഡില്‍ രോഹിത്തിന്റെ കളി കാണുക എന്നത് തന്നെ സന്തോഷം നല്‍കുന്നതാണ്. ഓവലില്‍ കഴിഞ്ഞ തവണ പുറത്തെടുത്ത പ്രകടനം രോഹിത് ആവര്‍ത്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കോലി പറഞ്ഞു.

അതേസമയം ഓസീസിനെതിരായ ഫൈനല്‍ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 50 മത്സരങ്ങള്‍ രോഹിത് പൂര്‍ത്തിയാക്കും. 2013ല്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ പ്രകടനം ആവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ താരം 2019ലാണ് ടെസ്റ്റ് ടീമില്‍ ഓപ്പണറായി തിരികെയെത്തിയത്. തുടര്‍ന്ന് കളിച്ച 36 ഇന്നിങ്ങ്‌സില്‍ 52.76 എന്ന മികച്ച ശരാശരിയിലാണ് താരം ബാറ്റ് വീശിയത്. ഇതുവരെ 49 ടെസ്റ്റുകളില്‍ നിന്നും 45.66 ശരാശരിയില്‍ 3379 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതില്‍ 9 സെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയും ഉള്‍പ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :