അവസാന ഓവര്‍ ബൂമ്ര എറിയട്ടെയെന്ന് കോഹ്‌ലി, വിജയ് ശങ്കര്‍ മതിയെന്ന് ധോണി!

വിജയ് ശങ്കര്‍, ധോണി, കോഹ്‌ലി, വിരാട് കോഹ്‌ലി, ജസ്പ്രീത് ബൂമ്ര, Vijay Shankar, M S Dhoni, Virat Kohli, Jasprit Bumrah
നാഗ്‌പൂര്‍| Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (13:26 IST)
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ പതിവുപോലെ ക്യാപ്ടന്‍ വിരാട് കോഹ്‌ലി തേടിയത് മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 250 റണ്‍സ് മാത്രമാണ് നേടാനായത്. നാഗ്‌പൂരിലെ പിച്ചില്‍ റണ്ണൊഴുകാന്‍ സാധ്യതയുണ്ടെന്നും ഓസ്ട്രേലിയയ്ക്ക് ഈ സ്കോര്‍ ചേസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കോഹ്‌ലിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ബൌളിംഗിലെ പരീക്ഷണങ്ങള്‍ക്കും ബൌളര്‍മാരെ ഉപയോഗിക്കുന്ന രീതിക്കും വലിയ ഫലം സൃഷ്ടിക്കാനാവുമെന്ന് കോഹ്‌ലി വിശ്വസിച്ചു.

ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോള്‍ നാല്‍പ്പത്തിയാറാമത്തെ ഓവറില്‍ കോഹ്‌ലിക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി. ആരെക്കൊണ്ട് പന്തെറിയിക്കണം എന്നതായിരുന്നു അത്. ജസ്പ്രിത് ബൂമ്രയും മുഹമ്മദ് ഷമിയും വിജയ് ശങ്കറുമെല്ലാം ഉണ്ട്. ഇവരില്‍ ആരെ നാല്‍പ്പത്തിയാറാം ഓവര്‍ എറിയാന്‍ ഏല്‍പ്പിക്കണം എന്നതിലാണ് ആശയക്കുഴപ്പം. വിജയ് ശങ്കറെക്കൊണ്ട് ബോള്‍ ചെയ്യിക്കാനാണ് കോഹ്‌ലി തീരുമാനിച്ചത്. കുറച്ച് റണ്‍സ് വിജയ് ശങ്കര്‍ ഇപ്പോള്‍ വിട്ടുകൊടുത്താലും 48 മുതലുള്ള ഓവറുകളില്‍ ടൈറ്റാക്കിയാല്‍ വിജയിക്കാമെന്നതായിരുന്നു ക്യാപ്ടന്‍റെ കണക്കുകൂട്ടല്‍.

പക്ഷേ അപ്പോള്‍ ധോണി ഇടപെട്ടു. വിജയ് ശങ്കറെക്കൊണ്ട് അവസാന ഓവര്‍ എറിയിക്കാമെന്നായിരുന്നു ധോണിയുടെ അഭിപ്രായം. കാരണം, നാല്‍പ്പത്തിയാറാമത്തെ ഓവര്‍ മുതല്‍ കളി നിര്‍ണായകമാണ്. ആ ഓവറുകളില്‍ പരമാവധി റണ്‍സ് വിട്ടുകൊടുക്കാതെയിരിക്കണം. റണ്‍സ് കൊടുക്കുന്നതില്‍ വളരെയധികം പിശുക്ക് കാണിക്കുന്ന ബൌളറാണ് ബൂമ്ര. ഇപ്പോള്‍ റണ്‍സ് കൊടുക്കാതെയിരുന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ ഓസ്ട്രേലിയ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. അപ്പോള്‍ അവര്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കും. ആ സാഹചര്യത്തില്‍ വിജയ് ശങ്കറെപ്പോലെ വിക്കറ്റെടുക്കാന്‍ പ്രാപ്തിയും കൃത്യതയുമുള്ള ബൌളറെ പരീക്ഷിക്കാം. ഇതായിരുന്നു ധോണിയുടെ പദ്ധതി. ധോണി പറഞ്ഞാല്‍ പിന്നെ കോഹ്‌ലിക്ക് അതിനപ്പുറമില്ലല്ലോ.

അതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. നാല്‍പ്പത്തിയാറാം ഓവര്‍ ബൂമ്രയെ ഏല്‍പ്പിച്ചു. രണ്ട് വിക്കറ്റുകള്‍ പിഴുത് ബൂമ്ര ആ ഓവര്‍ കിടിലനാക്കുകയും ചെയ്തു. ആ ഓവറില്‍ ഒരു റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറായപ്പോല്‍ പാകിസ്ഥാന് ജയിക്കാന്‍ 11 റണ്‍സ് വേണം. അവിടെ ധോണിയുടെ ഉപദേശപ്രകാരം ബൌള്‍ ചെയ്യാന്‍ വിജയ് ശങ്കര്‍ എത്തി. തകര്‍പ്പന്‍ ഫോമില്‍ നിന്ന മാര്‍ക്കസ് സ്റ്റോണിസിനെ ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ലിയുവില്‍ കുടുക്കി. മൂന്നാമത്തെ പന്തില്‍ ആദം സാമ്പയുടെ വിക്കറ്റ് ഉഗ്രനൊരു യോര്‍ക്കറില്‍ തകര്‍ത്ത് വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :